മാവോവാദികൾക്കായി തിരച്ചിൽ ഊർജിതം; കീഴടങ്ങിയേക്കുമെന്ന് സൂചന
text_fieldsമാനന്തവാടി: വയനാട് ജില്ലയിൽ മാവോവാദികൾക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്. മൂന്നു ദിവസമായി ആന്റി നക്സൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ മാനന്തവാടി തലപ്പുഴ, പടിഞ്ഞാറത്തറ ബാണാസുര വനമേഖലകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ. അതിനിടെ ഏതാനും മാവോവാദികൾ കീഴടങ്ങാൻ സാധ്യതയെന്ന് അഭ്യൂഹം ഉയരുന്നുണ്ട്.രണ്ട് ദിവസമായി തവിഞ്ഞാൽ പഞ്ചായത്തിലെ ചന്ദന തോട്, ബോയ്സ് ടൗൺ, കമ്പമല, മക്കിമല, പടിഞ്ഞാറത്തറ എന്നീ പ്രദേശങ്ങളിൽ ആന്റി നക്സൽ സ്ക്വാഡിന്റെ പ്രത്യേക സംഘമാണ് മാവോവാദി തിരച്ചിലിന് നേതൃത്വം നൽകുന്നത്.
ലോക്കൽ പൊലീസിന് തിരച്ചിലിനെക്കുറിച്ച് ഒരു അറിവുമില്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, മാനന്തവാടിയിലും പരിസരത്തെയും പൊലീസ് സ്റ്റേഷനുകളിൽ പൊലീസ് സേനകളെ പ്രത്യേകം സജ്ജമാക്കിയിരിക്കണമെന്നും നിർദേശമുണ്ട്. കർണാടക അതിർത്തിയിൽനിന്ന് മാവോ നേതാക്കളായ വി.ജി. കൃഷ്ണമൂർത്തി, കവിത എന്ന സാവിത്രിയേയും പൊലീസ് പിടികൂടുകയും കബനി ദളം സെക്കൻഡ് കമാൻഡ് ലിജേഷ് പൊലീസിന് കീഴടങ്ങുകയും ചെയ്തതോടെ മാവോവാദി സംഘത്തിന്റെ ബലം ഏറെ കുറഞ്ഞതായാണ് പൊലീസിന്റെ കണക്കുകൂട്ടൽ.
മാവോവാദികളായ ജയണ്ണ, വിക്രം ഗൗഡ, സുന്ദരി, സോമൻ എന്നിവരെ ലക്ഷ്യമാക്കിയാണ് നിലവിലെ നീക്കമെന്നാണ് സൂചന. എന്നാൽ, ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ പൊലീസോ നക്സൽവിരുദ്ധ സേനയോ തയാറായിട്ടുമില്ല. ബുധനാഴ്ചയും സ്ക്വാഡ് രംഗത്തുണ്ടാവുമെന്നാണ് വിവരം. സംഘബലം കുറഞ്ഞതും സർക്കാറിന്റെ പുനരധിവാസ പാക്കേജും കീഴടങ്ങൾ പ്രക്രിയക്ക് ആക്കം കൂട്ടുമെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.