കുറുക്കൻമൂലയിലെ കടുവ: തിരച്ചിൽ നിർത്തിയേക്കും
text_fieldsമാനന്തവാടി: കഴിഞ്ഞ 28 ദിവസമായി കുറുക്കൻമൂല പ്രദേശത്തെ ഭീതിയിലാഴ്ത്തിയ കടുവയെ കണ്ടെത്താനായി 18 ദിവസമായി നടത്തുന്ന തിരച്ചിൽ അവസാനിപ്പിച്ചേക്കും.
ഒമ്പത് ദിവസമായി വളർത്തുമൃഗങ്ങളെയൊന്നും പിടിക്കാതിരിക്കുകയും കാടടച്ച് നടത്തിയ തിരച്ചിലിൽ കണ്ടെത്താനാവാതിരിക്കുകയും കാമറ ട്രാപ്പിൽ ഫോട്ടോ പതിയാത്ത സാഹചര്യത്തിലുമാണ് തിരച്ചിൽ നിർത്തുന്നതിനെക്കുറിച്ച് വനം വകുപ്പ് ആലോചന തുടങ്ങിയത്.
തിങ്കളാഴ്ച ജില്ല കലക്ടർ വിളിച്ചുചേർക്കുന്ന വനം, റവന്യൂ, പൊലീസ് ഉന്നതതല യോഗത്തിലാണ് തുടർനടപടികൾ സ്വീകരിക്കുക. ശനി, ഞായർ ദിവസങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. കൈതക്കൊല്ലി, നരിമാന്തിക്കൊല്ലി തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു തിരച്ചിൽ.
യു.ഡി.എഫ് റിലേ സത്യഗ്രഹം അഞ്ചു ദിവസം പിന്നിടുന്നു
മാനന്തവാടി: കടുവ പ്രശ്നത്തിൽ സർക്കാർ ഇടപെടുക, വന്യമൃഗശല്യത്തിന് ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാര തുക വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം അഞ്ചു ദിവസം പിന്നിടുന്നു. യു.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം ചെയർമാൻ അഡ്വ. എൻ.കെ. വർഗീസ് ആണ് ഞായറാഴ്ച സത്യഗ്രഹമനുഷ്ഠിച്ചത്.
സമരം ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കടുവ പ്രശ്നത്തിൽ മാനന്തവാടിയിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹസമരത്തിൽ യു.ഡി.എഫ് ഉന്നയിച്ച പകുതി ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചെന്ന് ഡി.സി.സി. പ്രസിഡന്റ് പറഞ്ഞു. മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. ജോർജ് അധ്യക്ഷത വഹിച്ചു. പി.വി.എസ്. മൂസ, പടയൻ മുഹമ്മദ്, കെ.എ. ആന്റണി, ജോസഫ് കപ്പുര, അഡ്വ. പടയൻ റഷീദ്, അഡ്വ. എം. വേണുഗോപാൽ, ചിന്നമ്മ ജോസ്, പി.വി. നാരായണ വാര്യർ, സി.കെ. രത്നവല്ലി, ടി.എ. റെജി, എം.പി. ശശികുമാർ, പി. ഷംസുദ്ദീൻ, ജേക്കബ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. പി.ടി. തോമസ് എം.എൽ.എയുടെ നിര്യാണത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച സത്യഗ്രഹ സമരം ശനിയാഴ്ചയാണ് പുനരാരംഭിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി എ.എം. നിഷാന്ത്, കെ.എസ്.യു ജില്ല സെക്രട്ടറി സുശോഭ് ചെറുക്കുമ്പം, തൃശ്ശിലേരി മണ്ഡലം പ്രസിഡന്റ് സതീശൻ, മുൻ മണ്ഡലം പ്രസിഡന്റ് റഷീദ് തൃശ്ശിലേരി എന്നിവരാണ് ശനിയാഴ്ച സത്യഗ്രഹ സമരം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.