തിരച്ചിൽ ഒരു കടുവക്ക്; കണ്ടത് നാലെണ്ണത്തെ
text_fieldsമാനന്തവാടി: ഒരു കടുവക്കായി തിരച്ചിലിനിറങ്ങിയ വനപാലകരും നാട്ടുകാരും കണ്ടത് നാലു കടുവകളെ. മുന്നു കടുവകളെ കാട്ടിലേക്ക് തുരത്തി. ഒന്നിനായ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പനവല്ലിയിൽ ഭീതിപടർത്തുന്ന കടുവക്കായി ഡി.എഫ്.ഒ മാർട്ടിൻ ലോവന്റെ നേതൃത്വത്തിൽ ബുധനാഴ്ച 68 വനപാലകരാണ് തിരച്ചിൽ നടത്തിയത്. മുന്നു ടീമുകളായി തിരിഞ്ഞ് മൂന്ന് റേഞ്ചർമാരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ.
കടുവ സാന്നിധ്യം പതിവായുള്ള കോല്ലി കോളനി പ്രദേശത്തുനിന്ന് ആരംഭിച്ച തിരച്ചിൽ കാൽവരി എസ്റ്റേറ്റ്, കോട്ടക്കൽ എസ്റ്റേറ്റ്, റസൽകുന്ന് പ്രദേശം എന്നിവിടങ്ങളിലാണ് നടത്തിയത്. തിരച്ചിലിനിടയിൽ കോട്ടയ്ക്കൽ എസ്റ്റേറ്റിൽ കണ്ട കടുവയെയും രണ്ടു കുട്ടികളെയും ഡെപ്യൂട്ടി റേഞ്ചർ കെ.പി. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ റസൽകുന്നിലെ വനത്തിലേക്ക് തുരത്തി.
ഇതിനിടയിൽ കോട്ടയ്ക്കൽ എസ്റ്റേറ്റിലേ കൊളിച്ചുവട് ഭാഗത്തുനിന്ന് തിരച്ചിലിനിടെ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ കടുവയുടെ മുന്നിൽപെട്ടു. കടുവയെ കണ്ട പ്രസിഡന്റിന്റെ അലർച്ചയിൽ കടുവ പിൻമാറിയതിനാലാണ് രക്ഷപെട്ടത്. തുടർന്ന് കടുവയെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. കടുത്ത മഴയെ തുടർന്ന് ബുധനാഴ്ചത്തെ തിരച്ചിൽ നിർത്തി. പ്രദേശവാസികളിൽനിന്ന് നാലുപേരെ പ്രശ്നം പരിഹരിക്കുന്നതുവരെ പ്രദേശത്ത് കാവൽ നിർത്തുമെന്നും വരുംദിവസങ്ങളിൽ കൂടുതൽ കൂടു സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്നും ഡി.എഫ്.ഒ മാർട്ടിൻ ലോവൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.