മാല പിടിച്ചുപറി; കുപ്രസിദ്ധ മോഷ്ടാവും സഹായിയും പിടിയിൽ
text_fieldsമാനന്തവാടി: പട്ടാപ്പകൽ മാനന്തവാടി നഗരത്തിൽ നിന്നും കാൽനടയാത്രികയുടെ മാല പിടിച്ചു പറിച്ച് കടന്നുകളഞ്ഞ ബൈക്ക് യാത്രികനെയും സഹായിയായ സ്ത്രീയെയും മാനന്തവാടി പൊലീസ് പിടികൂടി.
സംസ്ഥാനത്തെ വിവിധയിടങ്ങളിൽ മാല പിടിച്ചുപറി മോഷണം ഉൾപ്പെടെയുള്ള നിരവധി മോഷണക്കേസുകളിൽ പ്രതിയായ കൊല്ലം കായംകുളം കളിയിക്കത്തറ വടക്കേതിൽ വീട് സജിത്ത് കുമാർ (സച്ചു-37) എന്ന ജിമ്മൻ, ഇയാളുടെ സുഹൃത്തും സഹായിയുമായ തമിഴ്നാട് സ്വദേശിനി കൊല്ലം ആനയടി അംബിക ഭവനത്തിൽ മുതലമ്മാൾ (അംബിക-42) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ 11.30ഓടെ താമരശ്ശേരി സമീപം പൊലീസ് അറസ്റ്റ് ചെയ്തത്.
ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരം മാനന്തവാടി ഡിവൈ.എസ്.പി. പി.എൽ. ഷൈജുവിന്റെ മേൽനോട്ടത്തിൽ മാനന്തവാടി സി.ഐ. എം.എം. അബ്ദുൽ കരീമും സംഘവുമാണ് പ്രതിയെ മാല പിടിച്ചുപറി മോഷണം നടന്ന് 24 മണിക്കൂറിനുള്ളിൽ വലയിലാക്കിയത്.
കവർച്ചക്കു ശേഷം ഇരുവരും ബൈക്കിൽ കടന്നുകളയുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി 35ഓളം കേസുകളിലെ പ്രതിയാണ് സജിത്ത്. മോഷണക്കേസിൽ പ്രതിയായി ഒളിവിലിരിക്കെയാണ് ഇപ്പോൾ പിടിയിലായത്.
ബൈക്കിലെത്തി മാല കവരുന്ന രീതിയാണ് ഇയാൾ പ്രധാനമായും പിന്തുടരുന്നത്. പ്രഫഷനൽ രീതിയിൽ മാല കവരുന്ന സംസ്ഥാനത്തെ ഏറ്റവും കുപ്രസിദ്ധനായ മോഷ്ടാവായ സജിത്തിനെ കുടുക്കിയതും ഈ പ്രഫഷനലിസം തന്നെയാണ്.
ബുധനാഴ്ച വൈകീട്ടോടെ പ്രതിയെന്ന് സംശയിക്കുന്ന സജിത്തിനെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കൃത്യമായും ചടുലമായും ആയാസരഹിതമായും മാനന്തവാടിയിൽ നിന്നും മാല കവർന്നതോടെ ആ രീതിയിൽ കവർച്ച നടത്തുന്നവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയതിലാണ് സജിത്തിലേക്ക് എത്തിച്ചേർന്നത്.
തുടർന്ന് ജില്ല അതിർത്തികളിലെ സി.സി ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച പൊലീസിന് മൂന്ന് ദിവസം മുമ്പ് പ്രതിയും ഭാര്യയും ബാവലി ചെക്ക് പോസ്റ്റ് കടന്ന് ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യം ലഭിച്ചു. ഇതോടെ കവർച്ചക്ക് പിന്നിൽ സജിത്താണെന്ന് പൊലീസിന് വ്യക്തമായി.
തുടർന്ന് സി.ഐ അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ പൊലീസ് ക്രൈം സ്ക്വാഡ് അംഗങ്ങളടങ്ങുന്ന പ്രത്യേക സംഘം അതിർത്തികൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കുകയും വ്യാഴാഴ്ച രാവിലെ 11.30 ഓടെ താമരശ്ശേരിക്ക് സമീപം പ്രതിയെ പിടികൂടുകയുമായിരുന്നു.
കൂടെയുണ്ടായിരുന്ന മുതലമ്മാൾ ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താമരശ്ശേരി പൊലീസിന്റെ സഹായത്തോടെ അവരേയും പിടികൂടി. പൊതുവെ പിടികൂടുന്ന സമയങ്ങളിൽ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്ന ഇയാൾക്ക് ജിമ്മൻ എന്ന വിളിപ്പേരുമുണ്ട്.
താമരശ്ശേരി സ്റ്റേഷനിൽ വെച്ചും മാനന്തവാടി സ്റ്റേഷൻ പരിസരത്തും ഇയാൾ ആക്രമണ സ്വഭാവം പ്രകടിപ്പിച്ചു. ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. മോഷ്ടിച്ച ബൈക്കുമായാണ് മാല പിടിച്ചുപറി നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.