ഭക്ഷ്യവിഷബാധയെന്ന് സംശയം; 20 കുട്ടികൾ ആശുപത്രിയിൽ
text_fieldsമാനന്തവാടി: ഭക്ഷ്യവിഷബാധയെന്ന സംശയത്തെത്തുടർന്ന് നിരവധി വിദ്യാർഥികൾ ചികിത്സ തേടി. ദ്വാരക എ.യു.പി സ്കൂളിലെ വിദ്യാർഥികളാണ് പീച്ചങ്കോട് പൊരുന്നന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. വെള്ളിയാഴ്ച കഴിച്ച ഉച്ചഭക്ഷണത്തിൽനിന്ന് ഭക്ഷ്യവിഷബാധയുണ്ടായതായാണ് സംശയം.
കുട്ടികൾ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത് മൂലം ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് ചികിത്സ തേടിയത്. 100 ഓളം കുട്ടികളാണ് എത്തിയത്. ഇവിടെ ഡോക്ടർമാരടക്കം ജീവനക്കാർ കുറവായതിനാൽ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ മറ്റ് ആതുരാലയങ്ങളിൽ നിന്നുള്ള ജീവനക്കാരെയെത്തിച്ചാണ് പരിശോധനാ സൗകര്യം ഒരുക്കിയത്. പിന്നീട് കുട്ടികളെ കൂടുതൽ സൗകര്യാർഥം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി. സ്കൂളിൽ നിന്ന് വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിച്ചവർക്കാണ് ചർദ്ദിയും പനിയുമടക്കമുള്ള ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് കരുതുന്നത്. ചോറും സാമ്പാറും മുട്ടയും വാഴക്ക തോരനുമായിരുന്നു ഭക്ഷണം. ശനിയാഴ്ച രാവിലെ പത്തരയോടെ സ്കൂളിലെത്തിയ കുട്ടികളിൽ ചിലർക്ക് ഛർദിയും പനിയും വരികയും. വൈകീട്ടോടെ കൂടുതൽ കുട്ടികൾക്ക് രോഗലക്ഷണമുണ്ടായി. ഭക്ഷ്യ വിഷബാധയാണ് പ്രാഥമിക സൂചനയെന്നും എന്നാൽ ഔദ്യോഗിക സ്ഥിരീകരണം മറ്റ് പരിശോധനകൾക്ക് ശേഷമേ ലഭിക്കുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
1300 ഓളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണിത്. മന്ത്രി ഒ.ആർ. കേളു മെഡിക്കൽ കോളജിലെത്തി കുട്ടികളെ സന്ദർശിച്ചു. കുട്ടികൾക്ക് മികച്ച ചികിത്സ സൗകര്യം ഉറപ്പു വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. മാനന്തവാടി നഗരസഭ ചെയർപേഴ്സൻ സി.കെ. രത്ന വല്ലി, ജില്ല കലക്ടർ ആർ. മേഘശ്രീ, ഡി.എം.ഒ ഡോ. പി. ദിനേഷ് എന്നിവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മെഡിക്കൽ കോളജിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അന്വേഷണം വേണം: എം.എസ്.എഫ്
കൽപറ്റ: ദ്വാരക എ.യു.പി സ്കൂളിലെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് എം.എസ്.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുന്ന മഴക്കാലത്ത് സ്കൂളുകളിൽ ശുചീകരണ പ്രവൃത്തികൾ കൃത്യമായി നടക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.