ഭക്ഷ്യവിഷബാധയെന്ന് സംശയം; 17 വിദ്യാർഥികൾ ചികിത്സ തേടി
text_fieldsമാനന്തവാടി: ചായക്കുള്ള ചെറുകടി കഴിച്ച് അവശനിലയിലായ പതിനേഴ് വിദ്യാർഥികൾ ചികിത്സ തേടി. തോണിച്ചാലിൽ പ്രവർത്തിക്കുന്ന അരാമിയ ഇന്റർനാഷനൽ റെസിഡൻഷ്യൽ സ്കൂളിലാണ് ഭക്ഷ്യ വിഷബാധയുണ്ടായതായി സംശയം. സ്കൂളിലെ 17 വിദ്യാർഥികൾ പ്രാഥമിക ചികിത്സക്കായി പൊരുന്നന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തി. ഞായറാഴ്ച വൈകീട്ട് കുട്ടികൾക്ക് ചെറുകടി ആയി കൊടുത്ത ഈത്തപ്പഴംപൊരി കഴിച്ചതിനുശേഷമാണ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായത്.
വയറുവേദന, വയറിളക്കം, ഛർദി എന്നിവയനുഭവപ്പെട്ടതോടെയാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ പത്തോളം കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. ആരോഗ്യവകുപ്പും, എടവക പിഎച്ച്സി ആരോഗ്യ വിഭാഗവും, ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സ്കൂളിൽ പരിശോധന നടത്തി.
എന്നാൽ പ്രാഥമിക പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യമോ, പഴകിയ ഭക്ഷ്യവസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജലം പരിശോധിച്ചതിലും കുഴപ്പം കണ്ടെത്തിയിട്ടില്ല. എന്നാൽ പൊരിക്കാനായി വാങ്ങിയ ഈത്തപ്പഴം പഴകിയതായിരുന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ഈത്തപ്പഴത്തിന്റെ സാമ്പിൾ ആരോഗ്യ വകുപ്പ് പരിശോധനക്കായി അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.