ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയെ റിമാൻഡ് ചെയ്തു
text_fieldsമാനന്തവാടി: നല്ലനടപ്പിന് ജാമ്യത്തിലിറങ്ങിയശേഷം കഞ്ചാവുമായി അറസ്റ്റിലായ പ്രതിയെ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് റിമാൻഡ് ചെയ്തു. മാനന്തവാടി ചെന്നലായി നിരപ്പുകണ്ടത്തിൽ വീട്ടിൽ വർഗീസിനെയാണ് മാനന്തവാടി സബ് ഡിവിഷനൽ മജിസ്ട്രേറ്റ് കോടതി ഏഴു ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. തുടർന്ന് പ്രതിയെ ജില്ല ജയിലിലേക്ക് മാറ്റി.
കഴിഞ്ഞ ആഗസ്റ്റ് പത്തിനാണ് 250 ഗ്രാം കഞ്ചാവുമായി ഇയാളെ മാനന്തവാടി പൊലീസ് അറസ്റ്റുചെയ്യുന്നത്. വിവിധ കേസുകളിൽപ്പെട്ട് ജാമ്യത്തിലായിരിക്കെയാണ് ഇയാൾ കഞ്ചാവുമായി പിടിയിലായത്. തുടർന്ന് ജാമ്യത്തിലെ നല്ലനടപ്പ് വ്യവസ്ഥ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കുന്നതിന് ചൊവ്വാഴ്ച പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
കോടതി ഉത്തരവിന്റെയടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കിയതും റിമാൻഡ് ചെയ്യുകയായിരുന്നു. 2020 ജൂണിൽ പീച്ചംകോടുള്ള വീട്ടിൽനിന്നും പത്ത് പവന്റെ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുകളുമടക്കം നാലു ലക്ഷം രൂപയുടെ വസ്തുക്കൾ മോഷണം നടത്തിയതിന് വെള്ളമുണ്ട പൊലീസിൽ ഇയാൾക്കെതിരെ കേസുണ്ട്. ഇതിനുപുറമേ നിരവധി കഞ്ചാവ് കേസുകളിലും പ്രതിയാണ്. 2022 ജൂലൈയിലാണ് ഇയാൾക്ക് കോടതിയിൽനിന്നും നല്ലനടപ്പിന് ജാമ്യം അനുവദിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.