കാലവർഷം ചതിക്കാതിരിക്കട്ടെ; നിലമൊരുക്കി കാത്തിരിപ്പാണ് ചേകാടിയിലെ നെൽകർഷകർ
text_fieldsമാനന്തവാടി: മാനം തെളിഞ്ഞ് നിൽക്കുമ്പോഴും കർക്കടകത്തിൽ കലിതുള്ളി പെരുമഴക്കാലം എത്തുമെന്ന പ്രതീക്ഷയിൽ നിലമൊരുക്കി കാത്തിരിക്കുകയാണ് ഒരു ഗ്രാമത്തിലെ കർഷകർ. കേരള -കർണാടക അതിർത്തിയോട് ചേർന്ന വനഗ്രാമമായ ചേകാടിക്കാരാണ് മഴ കാത്ത് നെൽകൃഷിക്ക് നിലമൊരുക്കി തുടങ്ങിയിരിക്കുന്നത്. വിത്ത് പാകാനുള്ള നിലമാണ് ഇപ്പോൾ ഒരുക്കി കൊണ്ടിരിക്കുന്നത്. ഏതാനും വർഷം വരെ കന്നുകാലികളെ ഉപയോഗിച്ചാണ് നിലമുഴുതിരുന്നത്. ഏതാനും വർഷമായി ട്രാക്ടർ പോലുള്ള യന്ത്രങ്ങളുപയോഗിച്ചാണ് വയലൊരുക്കുന്നത്. പരമ്പരാഗത നെൽവിത്തിനങ്ങളായ ഗന്ധകശാല, ജീരകശാല എന്നിവ കൃഷി ചെയ്യുന്ന അപൂർവം വയലേലകളിലൊന്നാണ് ചേകാടിയിലേത്. ചെട്ടി സമുദായത്തിൽപ്പെട്ടവരാണ് ഇവിടത്തെ കർഷകരിലേറെയും. പരമ്പരാഗത കൃഷിരീതിയാണ് ഇവർ അനുവർത്തിച്ച് വരുന്നത്.പരമാവധി ജൈവവളങ്ങളാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. നഞ്ചകൃഷി മാത്രമാണ് ഇവിടെ ചെയ്യുന്നത്. വേനൽകാലത്ത് പച്ചക്കറി കൃഷി ചെയ്താണ് വരുമാനമുണ്ടാക്കുന്നത്. കബനി നദിയിൽനിന്നുള്ള ജലമാണ് ആശ്രയിക്കുന്നത്. കാലവർഷം ചതിച്ചാൽ ഇവിടത്തുകാരുടെ പത്തായപ്പുരകൾ നിറയാതെ കിടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.