സെർവർ തകരാർ പരിഹരിച്ചില്ല; റേഷൻ കടകളുടെ അവധി ഉപഭോക്താക്കളെ വലക്കുന്നു
text_fieldsമാനന്തവാടി: സെർവർ തകരാർ മൂലം ഇ-പോസ് യന്ത്രങ്ങൾ പ്രവർത്തിക്കാതായതോടെ സംസ്ഥാനത്തെ റേഷൻ കടകൾക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധി നൽകുകയും ഉപഭോക്താക്കൾ ബുദ്ധിമുട്ടിലാകുകയും ചെയ്തു .
ബുധനാഴ്ച രാവിലെയും സെർവർ തകരാർ തുടർന്നു. അവധിക്കുശേഷം ഏപ്രിൽ 29, മേയ് രണ്ട്, മൂന്ന് തീയതികളിൽ ഏഴ് ജില്ലകളിൽ രാവിലെയും ബാക്കി എഴു ജില്ലകളിൽ ഉച്ചക്ക് ശേഷവുമാണ് പ്രവർത്തിക്കുക. വയനാട്ടിൽ ഏപ്രിൽ 29, മേയ് രണ്ട്, മൂന്ന് തീയതികളിൽ രാവിലെ എട്ടു മുതൽ ഒരു മണിവരെയായിരിക്കും റേഷൻ കടകൾ പ്രവർത്തിക്കുക. ഏപ്രിൽ മാസത്തെ റേഷൻ മേയ് അഞ്ചു വരെ വാങ്ങിക്കാം.
പെരുന്നാളിന് ശേഷം റേഷൻ കടകൾ കൃത്യമായി പ്രവർത്തിച്ചിരുന്നില്ല. മാസാവസാനമായതിനാൽ നിരവധി ഉപഭോക്താക്കളാണ് റേഷൻ വാങ്ങാനാകാതെ മടങ്ങിയത്. കഴിഞ്ഞ മൂന്നുപ്രവൃത്തി ദിവസങ്ങളിലും സെർവർ തകരാർ പരിഹരിക്കാനായില്ല.
ചൊവ്വാഴ്ച ജില്ലയിലെ റേഷൻ വ്യാപാരികൾ പ്രതിഷേധമായി കടകൾ അടച്ചിട്ടു. സംസ്ഥാന വ്യാപകമായി അടച്ചിട്ടുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് റേഷൻ കടകൾക്ക് അവധി നൽകുന്ന തീരുമാനം ബുധനാഴ്ച വന്നത്. സെർവർ തകരാർ പരിഹരിക്കാത്തതിൽ റേഷൻ വ്യാപാരികളും പ്രതിഷേധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.