കടുവ കൂട്ടിലായില്ല; പനവല്ലിയിൽ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം
text_fieldsമാനന്തവാടി: രണ്ടുമാസമായി വന്യമൃഗങ്ങളെ ആക്രമിച്ച കടുവയെ പിടികൂടാനായില്ല. അഞ്ചുദിവസംമുമ്പ് സ്ഥാപിച്ച കൂട്ടിൽ കയറാൻ തയാറാകാതെ കടുവ ഒളിച്ചുകളി തുടരുകയാണ്. തിരുനെല്ലി പനവല്ലിയിലാണ് നാട്ടുകാരുടെ ഉറക്കം കെടുത്തി കടുവ വിലസുന്നത്. ഇതോടെ ഒ.ആർ. കേളു എം.എൽ.എയുടെ അധ്യക്ഷതയിൽ പനവല്ലി ഗവ. എൽ.പി സ്കൂളിൽ നാട്ടുകാരുടെ യോഗം ചേർന്നു. രണ്ടുമാസത്തിനിടെ പനവല്ലിയിൽ കടുവയുടെ സ്ഥിരമായ സാന്നിധ്യമുണ്ടാകുന്ന സാഹചര്യത്തിൽ കടുവക്കിണങ്ങുന്ന ആവാസ വ്യവസ്ഥ പ്രദേശത്ത് എവിടെയെങ്കിലുമുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്ന് എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു.
കാടു പിടിച്ചു കിടക്കുന്ന തോട്ടങ്ങളുണ്ടെങ്കിൽ അടിയന്തരമായി വൃത്തിയാക്കാൻ ഉടമകൾക്ക് നിർദേശം നൽകും. കടുവയെ പേടിച്ച് ചില തോട്ടങ്ങളിൽ കാടുവെട്ടാൻ പോകാൻ തൊഴിലാളികൾ മടിക്കുന്നുണ്ടെന്ന് ചിലർ യോഗത്തിൽ അറിയിച്ചു. ഇങ്ങനെയുള്ള തോട്ടങ്ങളുണ്ടെങ്കിൽ പണിയെടുക്കുന്ന സമയത്ത് ഇവിടെ വനപാലകരെ വിന്യസിക്കും. കടുവയുമായി ബന്ധപ്പെട്ട കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്താൻ വനപാലകർക്കും വനപാലകരുമായി സഹകരിക്കാൻ പ്രദേശവാസികൾക്കും യോഗത്തിൽ നിർദേശം നൽകി.
ഒരേസമയം മൂന്നു കടുവകളെ കാണാനിടയായ സാഹചര്യത്തിൽ മൂന്ന് കൂടു സ്ഥാപിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. വീണ്ടും രണ്ടു കൂടുകൂടി സ്ഥാപിക്കാൻ പ്രയാസമുണ്ടെന്നും അനുമതി വാങ്ങി ഒരുകൂട് കൂടി സ്ഥാപിക്കാൻ നീക്കം നടത്തുമെന്നും ബന്ധപ്പെട്ടവർ യോഗത്തെ അറിയിച്ചു.
പ്രദേശത്തെ കാട്ടാന, കുരങ്ങ്, പുലി, കാട്ടുപന്നി, മുള്ളൻപന്നി, കാട്ടി ശല്യവും പ്രദേശവാസികൾ അറിയിച്ചു. ഒരുവിഭാഗം വനപാലകർ അപമര്യാദയായി പെരുമാറുന്നെന്നും പ്രദേശവുമായി ബന്ധമില്ലാത്ത വനം വാച്ചർമാരെയാണ് അയക്കുന്നതെന്നുമുള്ള വിമർശനവും ഉയർന്നു. ചില വനപാലകർക്ക് തിരുനെല്ലിയിലെ പല റിസോർട്ടുകളുമായി ബന്ധമുണ്ടെന്നും ഇതിന് തടയിടണമെന്നും നാട്ടുകാർ യോഗത്തിൽ ആവശ്യപ്പെട്ടു.
റിസോർട്ടിൽ താമസിക്കുന്നവരെ വന്യമൃഗങ്ങളെ കാണിക്കാനായി രാത്രി സഫാരി നടത്തുന്ന കാര്യവും ചിലർ ശ്രദ്ധയിൽപ്പെടുത്തി. വന്യജീവികളുടെ ആവാസത്തിന് കോട്ടം തട്ടുന്ന രീതിയിൽ പ്രവർത്തിക്കരുതെന്ന് കാണിച്ച് റിസോർട്ടുകൾക്ക് നോട്ടീസ് നൽകാൻ യോഗം തീരുമാനിച്ചു. വനപാലകർ മോശമായി പെരുമാറുന്ന കാര്യം പരിശോധിക്കുമെന്നും അങ്ങനെയുണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ യോഗത്തെ അറിയിച്ചു.
ആനക്കിടങ്ങുകൾ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി അറ്റകുറ്റപ്പണി നടത്താത്തതിനാൽ കാട്ടാനശല്യം കൂടുതലാണെന്ന പരാതിയും ഉയർന്നു. നീർത്തട സംരക്ഷണത്തിന്റെ ഭാഗമായാണ് മുമ്പ് ആനക്കിടങ്ങുകൾ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നിർമിച്ചതും അറ്റുകുറ്റപ്പണികളെടുത്തതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ പറഞ്ഞു.
അടുത്ത സാമ്പത്തിക വർഷത്തിൽ ആനക്കിടങ്ങുകളിൽ അറ്റകുറ്റപ്പണി നടത്താൻ എന്തെങ്കിലും ചെയ്യാനാവുമോയെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുനെല്ലി ഗ്രാമപഞ്ചായത്തംഗം പി. ഹരീന്ദ്രൻ, സി.പി.എം ലോക്കൽ സെക്രട്ടറി ടി.കെ. സുരേഷ്, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം കെ.ആർ. ജിതിൻ, ബിജു പട്ടർമഠത്തിൽ, സാബു മലയിൽ, ഹരിദാസ് കോമത്ത്, വിജയൻ വരകിൽ, കൃഷ്ണൻകുട്ടി, തിമ്മപ്പൻ, അമ്മിണി, അജീഷ് സർവാണി, കെ.സി. നിതിൻ എന്നിവർ സംസാരിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ കെ. രാകേഷ്, രമ്യ രാഘവൻ, കെ. ആഷിഫ്, തോൽപെട്ടി അസി. വൈൽഡ് വാർഡൻ കെ.പി. സുനിൽകുമാർ, അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ കെ.പി. അബ്ദുൾ ഗഫൂർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.