യാത്രക്കിടെ ബസിന്റെ ടയർ ഊരിത്തെറിച്ചു; ടയർ പതിച്ച് വീടിന് കേടുപാട്
text_fieldsമാനന്തവാടി: കർണാടക കുട്ടയിലേക്ക് മാനന്തവാടിയിൽ നിന്ന് സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിത്തെറിച്ച് വീടിന് കേടുപാട് പറ്റി. മാനന്തവാടി ഡിപ്പോയിലെ ആർ.എൻ കെ 109 നമ്പർ ബസിന്റെ മുൻവശത്തെ ടയറാണ് ഓട്ടത്തിനിടെ ഊരിത്തെറിച്ചത്.
ബുധനാഴ്ച രാവിലെ എട്ടരയോടെ കാട്ടിക്കുളം മജിസ്ട്രേറ്റ് കവലയിലായിരുന്നു സംഭവം. ബസിൽ 38 യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ഊരിത്തെറിച്ച ടയർ സമീപത്തെ നാലു സെൻറ് കോളനിയിലെ അപ്പുവിന്റെ വീടിന്റെ മേൽക്കൂരയിലാണ് പതിച്ചത്. തുടർന്ന് ഓടുപൊട്ടുകയും ഭിത്തിക്ക് ചെറിയ വിള്ളലുണ്ടാകുകയും ചെയ്തു.
തൊട്ടുമുമ്പത്തെ സ്റ്റോപ്പിൽ ബസ് നിർത്തിയതിനുശേഷം മുന്നോട്ടേക്ക് എടുത്തപ്പോഴായിരുന്നു അപകടം. വേഗമില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ബെയറിങ് പൊട്ടിയതാണ് അപകടകാരണമെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. എ.ടി.ഒ പ്രിയേഷ്, ഡിപ്പോ എൻജിനീയർ സുജീഷ് എന്നിവർ സ്ഥലത്തെത്തി. അപ്പുവിന്റെ വീടിന്റെ തകരാർ നന്നാക്കിനൽകുമെന്നും ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.