മന്ത്രിക്ക് മുന്നിൽ സങ്കടക്കെട്ടഴിച്ച് തോമസിന്റെ മകൾ
text_fieldsമാനന്തവാടി: കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പുതുശ്ശേരി നരിക്കുന്നിലെ തോമസിന്റെ കുടുംബത്തെ സന്ദർശിച്ച മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് മകൾ സോന. വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയുടെ ദുരവസ്ഥയാണ് സോന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
‘എന്തിനാണ് സര് മെഡിക്കൽ കോളജ്? ഒരു നല്ല ഡോക്ടറോ നഴ്സോ ഒന്നുമില്ലായിരുന്നു ചാച്ചനെ നോക്കാന്‍. എന്റെ ചാച്ചനോ പോയി. ഇനി ആര്‍ക്കും ഈ ഗതികേട് വരുത്തരുതെ’ന്നായിരുന്നു വീട്ടിലെത്തിയ മന്ത്രിയോട് പൊട്ടിക്കരഞ്ഞുകൊണ്ട് തോമസിന്റെ മകൾ സോന പറഞ്ഞത്.
ഞായറാഴ്ചയാണ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും സംഘവും തോമസിന്റെ വീട്ടിലെത്തിയത്. മന്ത്രി കുടുംബാംഗങ്ങളിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതികള്‍ മുഖ്യമന്ത്രിയുടെയും വനം മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തി സമയബന്ധിതമായി പരിഹാരം കാണുമെന്ന് ഉറപ്പ് നല്കിയ ശേഷമാണ് മന്ത്രി മടങ്ങിയത്. ഒ.ആർ. കേളു എം.എൽ.എ, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, വൈസ് പ്രസിഡന്റ് എ.കെ. ശങ്കരൻ, ഗ്രാമപഞ്ചായത്തംഗം സിനി തോമസ്, ജനതാദൾ (എസ്) ജില്ല പ്രസിഡന്റ് കുര്യാക്കോസ് മുള്ളൻമട തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കടുവ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് എത്തിച്ച കർഷകന് വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യം ഇല്ലായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് തോമസിനെ കൊണ്ടുപോവാൻ ഐ.സി.യു ആംബുലൻസ് ലഭ്യമാവാത്തതും പരാതിക്കിടയാക്കിയിരുന്നു.
രാഹുൽ ഗാന്ധി എം.പി അടക്കമുള്ളവരോട് കുടുംബം പരാതി പറഞ്ഞതിന് പിന്നാലെയാണ്, ഞായറാഴ്ച മന്ത്രി വീട്ടിലെത്തിയപ്പോൾ സങ്കടക്കെട്ടഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.