ആക്രമണം തുടരുന്നു; ഒളിച്ചുകളിച്ച് കടുവ
text_fieldsമാനന്തവാടി: വനം, പൊലീസ് ഉദ്യോഗസ്ഥരെ വട്ടംകറക്കി കടുവയുടെ വിളയാട്ടം. തിങ്കളാഴ്ച ഒരാടിനെ കൊന്ന് തിന്നുകയും പശുവിനെ ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്തു. തിങ്കളാഴ്ച അർധരാത്രിയോടെയാണ് പുതുച്ചിറ ജോൺസെൻറ ഒരു വയസ്സുള്ള ആടിനെ കൂട്ടിൽ കയറി കടിച്ച് കൊണ്ടുപോയി ഭക്ഷിച്ചത്. 200 മീറ്റർ അകലെ തെനംകുഴി ജിൽസിെൻറ നാലു വയസ്സുള്ള 20 ലിറ്ററോളം പാൽ കറക്കുന്ന പശുവിനെയാണ് കടിച്ച് പരിക്കേൽപിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ജിൽസിെൻറ മൂന്ന് ആടുകളെ കൊന്നിരുന്നു. ഇതോടെ 16 ദിവസത്തിനിടെ പതിമൂന്നാമത്തെ വളർത്തുമൃഗത്തെയാണ് ആക്രമിച്ച് കൊന്നത്.
തുടർന്ന് ജിൽസിെൻറ തൊഴുത്തിന് സമീപവും കോതമ്പറ്റ കോളനിക്ക് സമീപവും ഓരോ കൂടുകൾകൂടി സ്ഥാപിച്ചു. പറമ്പികുളം ടൈഗർ റിസർവിൽനിന്ന് എത്തിച്ച 20 കാമറ ഉൾപ്പെടെ മുപ്പതോളം കാമറകൾ വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ചു.
വനം വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ആർ.ആർ.ടി അംഗങ്ങളും വനപാലകരും വ്യാപക തിരച്ചിൽ നടത്തി. സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്ന, മാനന്തവാടി ബേഗൂർ റേഞ്ചർമാരായ രമ്യ രാഘവൻ, കെ. രാകേഷ്, മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൽ കരീം, എസ്.ഐ ബിജു ആൻറണി എന്നിവരുടെ നേതൃത്വത്തിൽ വനം, പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കടുവശല്യം; ഇടപെട്ട് ഹൈകോടതി
മാനന്തവാടി: ദിവസങ്ങളായി നിലനിൽക്കുന്ന കുറുക്കൻമൂലയിലെ കടുവ വിഷയത്തിൽ ഹൈകോടതി ഇടപെടൽ. തിങ്കളാഴ്ച ഉച്ചക്ക് ഹൈകോടതി ജഡ്ജി ജയശങ്കർ നമ്പ്യാരുമായി കടുവ വിഷയം ഓൺലൈനായി ഉദ്യോഗസ്ഥർ ചർച്ചചെയ്തു. മാനന്തവാടി നഗരസഭ ആസൂത്രണ കമീഷൻ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ പ്രദേശത്ത് നിരന്തരം ഉണ്ടാകുന്ന കടുവശല്യത്തെക്കുറിച്ച് ജഡ്ജിയെ ബോധ്യപ്പെടുത്തി.
15 ദിവസമായി തുടരുന്ന കടുവശല്യത്തിന് പരിഹാരം കാണണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. യോഗത്തിൽ സി.സി.എഫ് വിനോദ് കുമാർ, സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, ഡി.എഫ്.ഒ രമേശ്കുമാർ ബിഷ്ണോയ് തുടങ്ങിയ ഉദ്യോഗസ്ഥരും സംബന്ധിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് വീണ്ടും ഓൺലൈനായി യോഗം ചേർന്ന് പുരോഗതി വിലയിരുത്തും.
സബ് കലക്ടറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം
മാനന്തവാടി: കുറുക്കൻമൂല പ്രദേശത്തെ കടുവശല്യം തടയുന്നതിെൻറ ഭാഗമായി സബ് കലക്ടർ ആർ. ശ്രീലക്ഷ്മിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഹൈകോടതി ജഡ്ജിയുമായി നടന്ന ഓൺലൈൻ യോഗ തീരുമാനപ്രകാരമായിരുന്നു യോഗം. ഇതനുസരിച്ച് പ്രദേശത്തെ റിസോർട്ടുകളിലെ സി.സി.ടി.വി കാമറകൾ ഉപയോഗപ്പെടുത്തി കടുവയെ കണ്ടെത്താൻ ശ്രമിക്കും. രാത്രി വൈദ്യുതി ബന്ധം തടസ്സപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കും. ക്ഷീര കർഷകർക്കും വിദ്യാർഥികൾക്കും ആവശ്യമായ സുരക്ഷ ഒരുക്കും. 24 മണിക്കൂറും പട്രോളിങ് ശക്തമാക്കും.
ഡി.എഫ്.ഒമാരായ എ. ഷജ്ന, രമേശ്കുമാർ ബിഷ്ണോയ്, ബേഗൂർ റേഞ്ചർ കെ. രാഗേഷ്, മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ, നഗരസഭ അധ്യക്ഷ സി.കെ. രത്നവല്ലി, കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, ആലീസ് സിസിൽ, ഷിബു കെ. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
പുൽപള്ളി കേളക്കവലയിൽ അജ്ഞാത ജീവി രണ്ട് ആടുകളെ കൊന്നു
പുൽപള്ളി: കേളക്കവലയിൽ അജ്ഞാത ജീവി രണ്ട് ആടുകളെ കൊന്നു. കേളക്കവല കണിയാറ്റുകുടി എൽദോസിെൻറ നാലുവയസ്സുള്ള ആടുകളെയാണ് അജ്ഞാത ജീവി ഞായറാഴ്ച രാത്രി കൊന്നത്. ഒരാടിെൻറ കഴുത്തിന് മാരകമായ മുറിവേറ്റ് കൂട്ടിൽ ചത്ത നിലയിൽ കണ്ടെത്തി. മറ്റൊരാടിനെ കൊണ്ടുപോവുകയും ചെയ്തു. ഞായറാഴ്ച രാത്രി പ്രദേശവാസിയായ സുഭാഷ് റോഡിലൂടെ പോകുന്ന പുലിയെ കണ്ടതായി പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
വെറ്ററിനറി സർജൻ ഡോ. കെ.എസ്. പ്രേമെൻറ നേതൃത്വത്തിൽ ആടിെൻറ ജഡം പോസ്റ്റുമോർട്ടം ചെയ്തു. ചെതലയം റേഞ്ചർ അബ്ദുൽ സമദിെൻറ നേതൃത്വത്തിൽ വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൂടിന് സമീപത്ത് കാമറകൾ സ്ഥാപിക്കാനും പ്രദേശത്ത് പട്രോളിങ് അടക്കം നടത്താനും തീരുമാനിച്ചു. ക്ഷീരകർഷകരുടെ മേഖലയായതിനാൽ പ്രദേശവാസികൾ ഒന്നാകെ ഭീതിയിലാണ്. അടിയന്തരമായി പ്രദേശത്തെ ജനങ്ങളുടെ ആശങ്കയകറ്റാൻ വനം വകുപ്പ് തയാറാകണമെന്നും ആടിനെ നഷ്ടപ്പെട്ട എൽദോസിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും സ്ഥലം സന്ദർശിച്ച പുൽപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ് കുമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.