കീമിൽ ജില്ലയിൽ ഒന്നാം സ്ഥാനം പക്ഷേ, അസ് ലിൻ ഐ.ഐ.ടിയിൽ പഠിക്കും
text_fieldsമാനന്തവാടി: കേരള എൻജിനിയറിങ് അഗ്രികൾച്ചറൽ മെഡിക്കൽ (കീം) പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്ക് നേടിയെങ്കിലും അസ് ലിൻ ഐ.ഐ.ടിയിൽ പഠിക്കും. കല്ലോടി തെങ്ങട ഗീവർഗീസിന്റെ മകൻ അസ് ലിൻ ഗിവർഗീസിനാണ് (19) കിം പരീക്ഷയിൽ സംസ്ഥാനത്ത് 140 റാങ്കും ജില്ലയിൽ ഒന്നാം സ്ഥാനവും. 600ൽ 555.4048 മാർക്കാണ് അസ്ലിൻ നേടിയത്. 2024 ലെ ഐ.ഐ.ടി അഡ്വാൻസ് പരീക്ഷയിൽ 1,399 മാർക്കോടെ കേരളത്തിൽ നിന്ന് എട്ടാം റാങ്ക് നേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈദരാബാദ് ഐ.ഐ.ടിയിൽ ഇലക്ട്രിക്കലിൽ പ്രവേശനം നേടി. ഈ മാസം 29 ന് ക്ലാസ് ആരംഭിക്കും. കീമിൽ കഴിഞ്ഞ തവണ 1200 റാങ്കുകാരനായിരുന്നു. 10ാം ക്ലാസ് വരെ കല്ലോടി സെന്റ് ജോസഫ് ഹൈസ്കൂളിലും പ്ലസ് ടു ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലുമാണ് പഠിച്ചത്. പാലാ ബ്രില്യൻസിലായിരുന്നു എൻട്രൻസ് പരിശീലനം. ഇരട്ട സഹോദരനായ ആസ്റ്റിൻ ഗർവാസിസ് നീറ്റ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയിട്ടുണ്ട്. മൂത്ത സഹോദരൻ ആശിഷ് ഗർവാസിസ് പരിയാരം മെഡിക്കൽ കോളജിൽ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ്. മാധ്യമ പ്രവർത്തകർ വിളിച്ചപ്പോഴാണ് മകന് ജില്ലയിൽ ഒന്നാം സ്ഥാനം കിട്ടിയ വിവരം അറിയുന്നതെന്ന് കർഷകനായ പിതാവ് ഗീവർഗീസ് പറഞ്ഞു. മാതാവ് ഷീജ തേറ്റമല ഗവ.ഹൈസ്കൂളിലെ യു.പി.വിഭാഗം അധ്യാപികയാണ്. റാങ്ക് വിവരം അറിഞ്ഞതോടെ മാതാപിതാക്കളും സഹോദരനും അസ് ലിന് മധുരം നൽകി. മികച്ച വിജയം നേടിയ അസ് ലിനെ പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ മന്ത്രി ഒ.ആർ. കേളു ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. വയനാട്ടിൽ ആകെ 815 പേർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ ആയിരം റാങ്കിൽ 11 പേരും ജില്ലയിൽ നിന്ന് ഉൾപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.