കുറുവയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
text_fieldsമാനന്തവാടി: നിയന്ത്രണങ്ങൾക്കിടയിലും അവധി ദിനങ്ങളിൽ കുറുവ ദ്വീപിലേക്ക് സന്ദർശകരുടെ ഒഴുക്ക്. പൂജ അവധിക്കാലത്ത് മാത്രം വരുമാന ഇനത്തിൽ ലഭിച്ചത് 13 ലക്ഷത്തോളം രൂപയാണ്. സന്ദർശകരുടെ എണ്ണത്തിലുള്ള നിയന്ത്രണങ്ങളിൽ അയവ് വരുത്താൻ നടപടികളുണ്ടാകണമെന്ന ആവശ്യവും ശക്തമായി.
ഒക്ടോബർ ഒന്നു മുതൽ 10 വരെ പാൽവെളിച്ചം വഴിയും, പാക്കം വഴിയും ദ്വീപ് സന്ദർശിച്ചത് 15000 ത്തോളം ആളുകളാണ്. ഈ ഇനത്തിൽ സർക്കാർ ഖജനാവിലേക്ക് വരുമാന ഇനത്തിൽ ലഭിച്ചത് 12,37,987 രൂപയും.
പൂജ അവധിക്കാലത്ത് ഡി.ടി.പി.സി പ്രവേശന കവാടം വഴി 5357 പേർ ദ്വീപ് സന്ദർശിക്കുകയും 1,87,495 രൂപ ലഭിക്കുകയും ചെയ്തപ്പോൾ 643 പേർ ചങ്ങാട സവാരി നടത്തുകയും 54000 രൂപ വരുമാനമായി ലഭിക്കുകയും ചെയ്തു. വനം വകുപ്പിന്റെ പ്രവേശനം കവാടം വഴി 8766 പേർ ദ്വീപ് സന്ദർശിച്ചപ്പോൾ 9,96492 രൂപ ഫീസിനത്തിൽ ലഭിച്ചു.
കാലവർഷത്തെ തുടർന്ന് അടച്ച ശേഷം സെപ്റ്റംമ്പർ 18ന് തുറന്നത് മുതൽ 31 വരെ ഡി.ടി.പി.സി പ്രവേശന കവാടം വഴി 4734 പേർ ദ്വീപ് സന്ദർശിക്കുകയും 1,65690 ഫീസിനത്തിൽ ലഭിക്കുകയും ചെയ്തു.
വിശേഷ ദിവസങ്ങളിലും അവധി ദിവസങ്ങളിലും വൻ തിരക്കാണ് ദ്വീപിൽ അനുഭവപ്പെടുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ദ്വീപ് സന്ദർശിക്കാൻ എത്തുന്നവരിൽ ഭൂരിഭാഗവും. സവാരിക്ക് നാല് ചങ്ങാടങ്ങളും സഞ്ചാരികളെ ദ്വീപിലേക്ക് കൊണ്ടുപോകുന്നതിനായി ഒരു ചങ്ങാടവുമാണുള്ളത്. രണ്ട് ചങ്ങാടങ്ങളുടെ നിർമാണം ധ്രുതഗതിയിൽ പുരോഗമിക്കുകയുമാണ്.
കൂടൽക്കടവിലേക്ക് വൈറ്റ് റിവർ റാഫ്റ്റിങ്, ചെക്ക് ഡാമിലേക്ക് കയാക്കിങ് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കാൻ ലക്ഷ്യമിടുന്നതായി അധികൃതർ പറഞ്ഞു. ഇരു പ്രവേശന കവാടങ്ങളിലൂടെയുമായി 575 പേർക്ക് വീതമാണ് ദ്വീപിലേക്ക് നിലവിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്.
തിരക്കുള്ള ദിവസങ്ങളിൽ രാവിലെ 11 ഓട് കൂടി തന്നെ ദ്വീപിലേക്ക് സഞ്ചാരികൾക്ക് പ്രവേശിക്കുന്നതിനുള്ള ടിക്കറ്റുകൾ കഴിയുന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന നിരവധി പേരാണ് നിരാശയോടെ മടങ്ങുന്നത്. ദ്വീപിലേക്ക് പ്രവേശിക്കുന്നതിനുള്ള സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാൻ നടപടികൾ ഉണ്ടാവണമെന്നാണ് ആവശ്യം ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.