മരങ്ങൾ അപകട ഭീഷണി; ശിഖരങ്ങൾ മുറിച്ചുമാറ്റാൻ നടപടിയില്ല
text_fieldsമാനന്തവാടി: അപകട ഭീഷണി ഉയർത്തുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റാൻ നടപടിയില്ല. കാലവർഷം ശക്തമായതോടെയാണ് പൊതുസ്ഥലങ്ങളിലും റോഡരികുകളിലും അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ച് മാറ്റണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൻ കൂടിയായ ജില്ല കലക്ടർ ഉത്തരവിറക്കിയത്. എന്നാൽ, ഉത്തരവ് നടപ്പാക്കാൻ വിവിധ വകുപ്പുകളുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ല. റോഡരികുകളിലായി നിരവധി മരങ്ങളും ശിഖരങ്ങളുമാണ് വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയായി നിലകൊള്ളുന്നത്. മരത്തിന്റെ ശിഖരങ്ങൾക്കടിയിലൂടെയാണ് മിക്കയിടങ്ങളിലും വൈദ്യുതി ലൈനുകൾ കടന്നുപോകുന്നത്.
ഇത് അപകട സാധ്യത ഇരട്ടിയാക്കുകയാണ്. 24 മണിക്കൂറും നൂറുക്കണക്കിന് വാഹനങ്ങൾ കടന്ന് പോവുന്ന അന്തർസംസ്ഥാന പാതയായ മാനന്തവാടി മൈസൂർ റോഡിൽ ഡി.എഫ്.ഒ ഓഫിസ് കോമ്പൗണ്ടിലെ മരങ്ങളുടെ ശിഖരങ്ങൾ പടർന്ന് റോഡിന് മറുഭാഗത്തു വരെ എത്തിയിട്ടുണ്ട്. ഇത്തരത്തിൽ മാനന്തവാടി- കോഴിക്കോട് റോഡിൽ പാതയോടും മാനന്തവാടി -എടവക റോഡിൽ താഴയങ്ങാടിയിലും ബ്ലോക്ക് ഓഫിസിന് സമീപത്തുമെല്ലാം മരങ്ങളും ശിഖരങ്ങളും അപകടകരമായ രീതിയിലാണ് ഉള്ളത്. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് കലക്ടറുടെ ഉത്തരവ് നടപ്പിലാക്കുന്നതിലെ കാലതാമസമെന്ന് ആരോപണമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.