ആദിവാസി മേഖല; നമ്പറില്ലാത്ത വീടുകൾക്ക് വീട്ടുനമ്പറും ഉടമസ്ഥാവകാശവും നൽകുന്ന പദ്ധതിയുമായി നഗരസഭ
text_fieldsമാനന്തവാടി: കേരളത്തിൽ ആദ്യമായി ആദിവാസി മേഖലയിൽ നിർമിച്ച നമ്പറില്ലാത്ത വീടുകൾക്ക് നമ്പറും ഉടമസ്ഥാവകാശവും നൽകുന്ന പുതിയ പദ്ധതിയുമായി മാനന്തവാടി നഗരസഭ. മാനന്തവാടി നഗരസഭയിൽ പട്ടികവർഗ വിഭാഗങ്ങളിൽപെടുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിന് ട്രൈബൽ വകുപ്പ്, ബ്ലോക്ക് പഞ്ചായത്ത്, അന്നത്തെ ഗ്രാമപഞ്ചായത്ത് എന്നീ സ്ഥാപനങ്ങളിൽനിന്ന് ഫണ്ട് അനുവദിച്ച് നിർമാണം പൂർത്തീകരിച്ച കെട്ടിടങ്ങൾക്കാണ് അനുവദിക്കുക.
വീട്ടുടമയുടെ അറിവില്ലായ്മയോ സാങ്കേതിക തകരാർ മൂലമോ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും കെട്ടിടം നിർമിക്കുന്നതിന് മുമ്പ് പെർമിറ്റ് എടുക്കണമെന്നതും നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിന് നമ്പർ കരസ്ഥമാക്കണമെന്നത് അറിയാതെയുള്ള വീട്ടുകാർക്ക് നിയമാനുസൃതം കെട്ടിട നമ്പർ ലഭ്യമാക്കുന്നതിന് വേണ്ടി ആദ്യം നഗരസഭയിൽ സർവേ നടത്തും.
ശേഷം പൂർണമായ പ്ലാൻ തയാറാക്കി ഫീസും പിഴയും അടക്കാൻ സാധിക്കാത്തവർക്ക് നഗരസഭയുടെയും എൻജിനീയറിങ് വിഭാഗത്തിന്റെയും സഹായത്തോടെ വീടുകളുടെ വിസ്തീർണം കണ്ടെത്തും. ഭൂമിയുടെ ഉടമസ്ഥാവകാശം സ്വന്തമായുള്ള കുടുംബങ്ങൾക്ക് റെഗുലർ നമ്പറും അല്ലാത്തവർക്ക് യു.എ നമ്പറും നൽകി ഓണർഷിപ്പ് സർട്ടിഫിക്കറ്റും നൽകുന്നതിന് കൗൺസിൽ അംഗികാരത്തോടെ സർക്കാറിലേക്ക് ശിപാർശ ചെയ്യുമെന്നും വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു.
താമസിക്കുന്ന വീടിന് വ്യക്തമായ രേഖകളില്ലാതെ ദുരിതമനുഭവിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് ആശ്വാസകരമാകുന്ന പദ്ധതിയിൽകൂടി ഈ വിഭാഗത്തിലെ ആളുകളുടെ വീടിന്റെ യഥാർഥ അവസ്ഥ മനസ്സിലാക്കാനും പദ്ധതി ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.