ആദിവാസി യുവതിക്ക് പീഡനം: യുവാവ് റിമാൻഡിൽ
text_fieldsമാനന്തവാടി: മുപ്പതുകാരിയായ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് റിമാൻഡിൽ. തിരുനെല്ലി പനവല്ലി കോമത്ത് വീട്ടിൽ അജീഷിനെ (31) ആണ് മാനന്തവാടി എസ്.എം.എസ് ഡിവൈ.എസ്.പി പി.കെ. സന്തോഷ് അറസ്റ്റുചെയ്തത്.
അജീഷിനെ എസ്.സി-എസ്.ടി പ്രത്യേക കോടതി റിമാൻഡ് ചെയ്തു. അതിനിടെ വയനാട് ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവതിയെ തിങ്കളാഴ്ച രാത്രിയോടെ ഡിസ്ചാർജ് ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ മെഡിക്കൽ കോളജിലെത്തിയ പൊലീസ് യുവതിയെ മാനന്തവാടി കോടതിയിലെത്തിച്ച് മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തി.
തുടർന്ന് സംഭവം നടന്ന പനവല്ലിയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കുകയും ചെയ്തു. അതേസമയം, യുവതിയെ ആശുപത്രിയിൽ നിന്ന് പൊലീസ് ഒളിച്ചുകടത്തിയെന്നാരോപിച്ച് യുവമോർച്ച ഉൾപ്പെടെയുള്ള സംഘടനകൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം ഉയർത്തി. കഴിഞ്ഞ നാലിനാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ യുവതിയും അജീഷും രണ്ടു മാസത്തോളമായി പരിചയത്തിലായിരുന്നു.
രാത്രി വീട്ടിലെത്തിയാണ് അജീഷ് യുവതിയെ വിളിച്ചിറക്കിക്കൊണ്ടുപോയത്. പിറ്റേദിവസം അമിത രക്തസ്രാവത്തെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ യുവതിക്ക് കൂട്ടിരുന്നതും അജീഷ് ആയിരുന്നു. ആദ്യഘട്ടത്തിൽ പരാതിയില്ലെന്നാണ് യുവതി പൊലീസിനെ അറിയിച്ചത്. സംഭവം നടന്ന് നാലാംനാളാണ് യുവതി പരാതിപ്പെട്ടത്.
താൻ ആശുപത്രിയിലായത് അജീഷ് ബലാത്സംഗം ചെയ്തതിനാലാണെന്നാണ് യുവതി തിങ്കളാഴ്ച പൊലീസിൽ പരാതിപ്പെട്ടത്. കുടുംബക്കാർ കൂടെയില്ലാതിരുന്നതിനാലും അജീഷിന്റെ സമ്മർദത്താലും തനിക്ക് ഇതുപറയാൻ കഴിഞ്ഞില്ലെന്നും ഇക്കാര്യത്തിൽ പരാതിയുണ്ടെന്നുമാണ് യുവതി പൊലീസിൽ നൽകിയ പരാതി.
എസ്.സി, എസ്.ടി അതിക്രമം തടയൽ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് കേസെടുത്തിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ യുവതിയെ ആശുപത്രിയിൽ നിന്ന് വിടുതൽ ചെയ്യാൻ ബന്ധുക്കളെത്തിയപ്പോൾ പോരാട്ടം പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടിരുന്നു. ആശുപത്രി പരിസരത്ത് ബഹളമുണ്ടായതിനെ തുടർന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസ് അജീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.