നൊടിയിടയില്‍ ജീവന്‍ രക്ഷിച്ചത് രണ്ടു ഫയര്‍മാന്‍മാര്‍; കാല്‍വഴുതി പുഴയില്‍ വീണ വീട്ടമ്മക്ക് പുനര്‍ജന്മം
text_fieldsമാനന്തവാടി: കാല്‍വഴുതി പുഴയില്‍ വീണ വീട്ടമ്മക്ക് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലില്‍ ജീവന്‍ തിരിച്ചുകിട്ടി.
മാനന്തവാടി കമ്മന എടത്തില്‍ വീട്ടില്‍ അന്നമ്മ പൗലോസാ (69)ണ് ഇന്നലെ രാവിലെ മാനന്തവാടി ഫയര്‍സ്‌റ്റേഷനു പുറകിലുടെ ഒഴുകുന്ന പുഴയില്‍ കാല്‍വഴുതി വീണത്. രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ഈ സമയം മാനന്തവാടി ഫയര്‍ സ്‌റ്റേഷനിലെ ഫയര്‍മാന്‍മാരായ ടി. ബിനീഷ് ബേബിയും വി. മിഥുനും സ്‌റ്റേഷനുപുറകില്‍ പല്ലുതേച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു.
ചെക്ക്ഡാമിനെ തൊട്ടുതാഴെയായാണ് അന്നമ്മ വെള്ളത്തില്‍ വീണത്. ഇവിടെ നല്ല ഒഴുക്കുണ്ടായിരുന്നു. അന്നമ്മ വെള്ളത്തില്‍ വീഴുന്നതു കണ്ട ഉടന്‍ രണ്ടു സേനാംഗങ്ങളും കുത്തൊഴുക്കിനെ അവഗണിച്ച് പുഴയിലേക്ക് എടുത്തുചാടി നീന്തിച്ചെന്ന് അവരെ കരയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും ബാക്കി സേനാംഗങ്ങള്‍ ജീപ്പുമായി പാലം കടന്ന് മറുകരയിലെത്തി അന്നമ്മയെ കയറ്റി മാനന്തവാടിയിലെ ആശുപത്രിയിലേക്ക് കുതിച്ചു. അരമണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം അന്നമ്മയെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു.
മഴക്കാലമായതിനാല്‍ പുഴയില്‍ നല്ല വെള്ളമുണ്ടായിരുന്നു. സമയം വൈകീയാല്‍ വീട്ടമ്മയുടെ ജീവന്‍ അപകടത്തിലാകുമെന്ന് കണ്ട് ധരിച്ചിരുന്ന വസ്ത്രങ്ങളുമായി ഫയര്‍മാന്‍മാര്‍ പുഴയില്‍ചാടി രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു. മാനന്തവാടി ഫയര്‍ സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് അസി. സ്‌റ്റേഷന്‍ ഓഫീസര്‍ പി.സി. ജയിംസ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഒ.ജി. പ്രഭാകരന്‍, ഫയര്‍മാന്‍മാരായ ഇ.കെ. ആഷിഫ്, എം.ഡി. രമേഷ്, വിശാല്‍ അഗസ്റ്റിയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്നമ്മയെ ആശുപത്രിയില്‍ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.