വയനാട്ടിൽ യുവതിയടക്കം രണ്ട് മാവോവാദികൾ പിടിയിലായതായി സൂചന
text_fieldsകൽപറ്റ: വയനാട് ജില്ലയിൽ യുവതിയടക്കം രണ്ട് മാവോവാദികൾ എൻ.ഐ.എ പിടിയിലായതായി സൂചന. കർണാടക സ്വദേശിയും പശ്ചിമഘട്ട സോണൽ കമ്മിറ്റി സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം ഡി.ജി. കൃഷ്ണമൂർത്തി, കർണാടക സ്വദേശിനി സാവിത്രി എന്നിവരാണ് സുൽത്താൻ ബത്തേരിയിൽനിന്ന് അറസ്റ്റിലായതായി പറയുന്നത്.ഇക്കഴിഞ്ഞ ഒക്ടോബര്‍ 25ന് കബനീദളത്തിലെ ഡപ്യൂട്ടി കമാന്‍ഡൻറ് പുല്പള്ളി സ്വദേശി ലിജേഷ് എന്ന രാമു കീഴടങ്ങിയതിന് പിന്നാലെയാണ് വയനാട്ടില്‍നിന്ന് മാവോവാദികളെ പിടികൂടിയ വാര്‍ത്ത പുറത്തുവരുന്നത്.
മാനന്തവാടി: മാവോവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തമിഴ് യുവാവായ ടാക്സി ഡ്രൈവർ എൻ.ഐ.എ കസ്റ്റഡിയിലായതായും വിവരമുണ്ട്. തലപ്പുഴ കമ്പമലയിലെ ടാക്സി ഡ്രൈവറായ 35കാരനെയും ബന്ധുവിനെയും കണ്ണൂരിൽവെച്ച് പൊലീസ് പിടികൂടി എൻ.ഐ.എക്ക് കൈമാറിയതായാണ് വിവരം. ചോദ്യംചെയ്ത ശേഷം സുഹൃത്തിനെ വിട്ടയച്ചെങ്കിലും ടാക്സി ഡ്രൈവർ ഇപ്പോഴും എൻ.ഐ.എ കസ്റ്റഡിയിലാണ്. ലോക്കൽ പൊലീസോ ഉന്നത ഉദ്യോഗസ്ഥരോ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയാറായിട്ടില്ല. എന്നാൽ, ഡ്രൈവറുടെ കുടുംബത്തെ ഇക്കാര്യം പൊലീസ് അറിയിച്ചിട്ടുണ്ട്. കമ്പമല, മക്കിമല പ്രദേശങ്ങളിൽ മാവോവാദി സാന്നിധ്യം നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഒന്നിലേറെ തവണ ആയുധധാരികളായ മാവോവാദികൾ ഈ പ്രദേശങ്ങളിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.