കൂട്ടിൽ കയറാത്ത കടുവ വീട്ടിനുള്ളിൽ
text_fieldsമാനന്തവാടി: പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ കയറാൻ തയാറാകാത്ത കടുവ വീട്ടിൽ കയറി വീട്ടുകാരെ വിറപ്പിച്ച് മടങ്ങി. പനവല്ലി പുഴക്കര കോളനിയിലെ കയമയുടെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ കടുവ കയറിയത്. കയമയും ഭാര്യയും വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് നായയെ ഓടിച്ച് കടുവ എത്തിയത്.
കടുവയെ കണ്ടതോടെ വീട്ടിൽ ഉണ്ടായിരുന്ന മക്കൾ വാതിലടച്ച് രക്ഷ നേടി. എന്നാൽ, പുറത്തിരുന്ന കയമയെയും ഭാര്യയെയും കണ്ട കടുവ കടന്നു കളയുകയായിരുന്നു. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ചയും വനപാലകർ പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.
അതിനിടെ സർവാണിയിലും കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ഒന്നര മാസമായി പ്രദേശത്ത് കടുവ ശല്യം രൂക്ഷമാവുകയും വളർത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്യുന്നത് പതിവാണ്. ഇതേത്തുടർന്ന് നാട്ടുകാർ പ്രതിഷേധമുയർത്തിയതോടെ വനപാലകർ മൂന്നിടങ്ങളിലായി കൂട് സ്ഥാപിച്ചു. കൂട് സ്ഥാപിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും കടുവ കൂടിന് സമീപത്ത് പോലും എത്തിയില്ല.
തിരച്ചിലിനിടയിൽ മൂന്ന് കടുവയെ ജനപ്രതിനിധികൾ ഉൾപ്പെടെ കണ്ടിരുന്നു. കടുവ കൂട്ടിൽ കയറാതായതോടെ മയക്കുവെടിവെക്കാനുള്ള ഉത്തരവ് നൽകുമെന്ന് വനം മന്ത്രി അറിയിച്ചിരുന്നു.
എന്നാൽ, ഒരാഴ്ച പിന്നിട്ടിട്ടും ഉത്തരവിറങ്ങിയില്ല. ഉത്തരവിറങ്ങിയാൽ തന്നെ ശല്യക്കാരനായ കടുവ ഏതെന്ന് കണ്ടെത്താതെ മയക്കുവെടി വെക്കാൻ കഴിയാത്ത അവസ്ഥയിലാണ് വനപാലകർ. അതേസമയം കടുവ വീടുകൾക്കുള്ളിൽ പോലും കയറാൻ തുടങ്ങിയതോടെ പ്രദേശത്തുകാർ കടുത്ത ഭീതിയിലാണ്.
എരിയപ്പള്ളി, കേളക്കവല പ്രദേശങ്ങൾ കടുവ ഭീഷണിയിൽ
പുൽപള്ളി: പുൽപള്ളി പഞ്ചായത്തിലെ എരിയപ്പള്ളി, കേളക്കവല പ്രദേശങ്ങൾ കടുവ ഭീഷണിയിൽ. ഈ പ്രദേശങ്ങളിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതോടെയാണ് പ്രദേശവാസികൾ ഭീതിയിലായത്. ഏതാനും ദിവസം മുമ്പ് എരിയപ്പള്ളിക്കടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് കാട്ടുപന്നിയെ കടുവ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. അതിന് മുമ്പ് ഈ പ്രദേശത്ത് കടുവ കാട്ടുപന്നികളെ കൊന്നുതിന്നിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പലതവണകളായി കടുവയുടെ സാമീപ്യം ഇവിടെ ഉണ്ടായിട്ടുണ്ട്. ഇതേ സ്ഥലത്ത് തന്നെ തുടർച്ചയായി കടുവ എത്തുന്നത് ആളുകളെ ഏറെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ ദിവസം കേളക്കവലയിലെ തോട്ടത്തിലും കടുവയുടെ കാൽപാടുകൾ കണ്ടെത്തി. ഈ സ്ഥലം വനപാലകർ സന്ദർശിച്ചു. കടുവ ഭീതിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ അധികൃതർ തയാറാകണമെന്ന് പുൽപള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ആവശ്യപ്പെട്ടു.
കടുവയെ കൂട് വെച്ച് പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാൽപാടുകൾ കണ്ടെത്തുമ്പോൾ അധികൃതർ പരിശോധന നടത്തി മടങ്ങുകയാണ്. കാർഷിക മേഖലയിൽ ഉള്ളവരാണ് ഏറെ പ്രയാസത്തിലായിരിക്കുന്നത്. തോട്ടങ്ങളിൽ പണിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയാണ് തൊഴിലാളികൾക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.