വള്ളിയൂര്‍ക്കാവ് ബൈപാസ് റോഡിൽ നടുവൊടിക്കും യാത്ര
text_fieldsമാനന്തവാടി: നഗരസഭയുടെ ഉടമസ്ഥതയിലുള്ള വള്ളിയൂര്‍ക്കാവ് ബൈപാസ് റോഡ് കുണ്ടും കുഴിയുമായതോടെ യാത്ര ദുഷ്കരം. ശരാശരി ഓരോ 20 മീറ്റര്‍ പിന്നിടുമ്പോഴും ഒരു കുഴിയെങ്കിലും കടന്നുവേണം ഈവഴി സഞ്ചരിക്കാന്‍. റോഡ് തകര്‍ന്നിട്ടും പരിഹരിക്കേണ്ട നഗരസഭ അധികൃതരാകട്ടെ ഇതുകണ്ട മട്ടുമില്ല. നഗരത്തില്‍നിന്നും വിളിപ്പാടകലെയുള്ള വള്ളിയൂര്‍ക്കാവ് ബൈപാസ് റോഡ് താലൂക്കിലെതന്നെ പ്രധാന റോഡുകളിലൊന്നാണ്. എരുമത്തെരുവ് മത്സ്യമാര്‍ക്കറ്റ് പരിസരത്തുനിന്ന് ആരംഭിച്ച് ചെറ്റപാലം വഴി വള്ളിയൂര്‍ക്കാവ് ക്ഷേത്രംവരെയുള്ള റോഡാണിത്. നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്.
മഴ പെയ്യുന്നതോടെ വലിയ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കാല്‍നടയാത്രപോലും ദുഷ്കരമാക്കുന്നു. രാത്രികാലങ്ങളില്‍ കുഴികളില്‍ വീണ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. ഒരു വര്‍ഷം മുമ്പ് രണ്ട് തവണ നാട്ടുകാര്‍ ചേര്‍ന്ന് ശ്രമദാനമായി കുഴികളടച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പ് നഗരസഭ പാച്ച് വര്‍ക്കുകള്‍ നടത്തിയിരുന്നെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് തകരുകയായിരുന്നു. ബൈപാസ് റോഡില്‍ കുണ്ടും കുഴികളും രൂപപ്പെട്ട് യാത്ര വളരെ ബുദ്ധിമുട്ടാണ്.
സ്ഥിരമായി ഇരുചക്രവാഹനങ്ങളില്‍ ഈ റോഡിലൂടെ സഞ്ചരിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് കാരണമാകുന്നു. മഴ പെയ്താല്‍ കുഴികളുടെ ആഴം മനസ്സിലാക്കാതെ ഇരുചക്രവാഹനങ്ങള്‍ കുഴികളില്‍ വീഴുന്നുണ്ടെന്നും ചെറ്റപ്പാലം പ്രദേശവാസി സി.എ. ഷെമീര്‍ പറഞ്ഞു.
പ്രധാന പാത, എന്നിട്ടും അനങ്ങാതെ നഗരസഭ
മാനന്തവാടി: എരുമത്തെരുവ്, ചെറ്റപ്പാലം, വള്ളിയൂര്‍ക്കാവ് റോഡിനെ നഗരസഭ പാടെ അവഗണിക്കുകയാണെന്നാണ് ആരോപണം. നഗരസഭയുടെ ഉടമസ്ഥതയിലായിട്ടുകൂടി പാത നന്നാക്കുന്നില്ല. തലശ്ശേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് നഗരം ചുറ്റാതെതന്നെ മൈസൂരു, കല്‍പ്പറ്റ ഭാഗങ്ങളിലേക്ക് ഈ ബൈപാസിലൂടെ സഞ്ചരിക്കാനാവും. തീർഥാടന കേന്ദ്രങ്ങളായ തിരുനെല്ലി ക്ഷേത്രത്തെയും വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനപാത കൂടിയാണിത്.
നഗരത്തില്‍ റോഡ് പ്രവൃത്തികള്‍ നടക്കുമ്പോഴും ഗതാഗത തടസ്സമുണ്ടാകുമ്പോഴും വാഹനങ്ങളെ കടത്തിവിടുന്നത് ഈ വഴിയാണ്. നിലവില്‍ മൈസൂരു റോഡും കൊയിലേരി റോഡും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റേയും ഒ.ആര്. കേളു എം.എൽ.എയുടേയും ഇടപെടലുകളുടെ ഭാഗമായി മികച്ച റോഡുകളായി മാറിയിട്ടുണ്ട്. ഇതിലേക്ക് എളുപ്പവഴിയില്‍ എത്തിച്ചേരാന്‍ കഴിയാവുന്ന റോഡാണ് ഇങ്ങനെ കുഴികളായി മാറിയത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.