'മക്കളോടൊപ്പം' ഓൺലൈൻ വിദ്യാഭ്യാസ പിന്തുണയുമായി വെള്ളമുണ്ട പഞ്ചായത്ത്
text_fieldsമാനന്തവാടി: കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് വീടൊരു വിദ്യാലയമാക്കാൻ പിന്തുണയുമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്. 'അറിവിടങ്ങളിൽ നിങ്ങളോടൊപ്പം' എന്ന മുദ്രാവാക്യത്തിൽ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി നടപ്പാക്കുന്ന പദ്ധതിയാണ് 'മക്കളോടൊപ്പം'.
പൊതുവിദ്യാഭ്യാസ വകുപ്പിെൻറ പുതിയ നിർദേശപ്രകാരം കുട്ടിയെ ഒരു യൂനിറ്റ് ആയി കണ്ട് ഓൺലൈൻ സൗകര്യമൊരുക്കണം എന്നതിനാലാണ് 'മക്കളോടൊപ്പം' പഞ്ചായത്ത് നടപ്പാക്കുന്നത്. 21 വാർഡുകളുള്ള വെള്ളമുണ്ട പഞ്ചായത്തിൽ 8969 കുട്ടികളാണ് പ്രീപ്രൈമറി മുതൽ പ്ലസ് ടുവരെ പഠിക്കുന്നത്. ഒമ്പത് എൽ.പി, ആറ് യു.പി, നാല് ഹൈസ്കൂൾ, രണ്ട് ഹയർസെക്കൻഡറി ഉൾപ്പെടെ 19 സ്കൂളുകളും 15 പ്രീപ്രൈമറി സൗകര്യമുള്ള ക്ലാസുകളും നടക്കുന്നുണ്ട്.
ഗോത്രവിഭാഗത്തിലെ 3702 വിദ്യാർഥികളാണ് പഞ്ചായത്തിലുള്ളത്. ട്രൈബൽ വകുപ്പ് മുഖേന ഈ കുട്ടികളുടെ പഠനത്തിന് ഡിജിറ്റൽ ഉപകരണങ്ങൾക്കുള്ള കണക്ക് ശേഖരിച്ചു. 15 പ്രത്യേക ഗോത്രബന്ധു അധ്യാപികമാർ പുതുതായി സ്കൂൾ പ്രവേശനം നേടിയ കുട്ടികൾക്ക് മാനസിക പിന്തുണ നൽകിക്കൊണ്ട് പഞ്ചായത്തിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ജോലിചെയ്യുന്നു.
പുതുതായി ഒന്നാം ക്ലാസിൽ എത്തിയ 728 കുട്ടികൾക്ക് എസ്.എസ്.കെയുമായി ചേർന്ന് 'വീട്ടുമുറ്റം' പദ്ധതി പഞ്ചായത്ത് നടപ്പാക്കുന്നു.
വീട്ടിൽ സൗകര്യം ലഭിക്കാത്ത വിദ്യാർഥികൾക്ക് സ്വന്തമായി ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാവുന്നതുവരെ അധ്യയന പ്രവർത്തനങ്ങൾ മുടങ്ങാതിരിക്കാൻ 44 അയൽപക്ക കേന്ദ്രങ്ങൾ വാർഡുകളിൽ ഒരുക്കി. 862 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
തിങ്കളാഴ്ച മുതൽ ജൂലൈ 26 വരെ പഞ്ചായത്ത് അധികൃതർ ഓരോ സ്കൂളിലുമെത്തി അധ്യാപകർ, പി.ടി.എ പ്രതിനിധി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ യോഗം േചർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തും. 100 ശതമാനം കുട്ടികൾക്കും ഡിജിറ്റൽ പഠനസൗകര്യം വീടുകളിൽ ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അയൽപക്ക കേന്ദ്രങ്ങളിൽ എത്തുന്ന വിദ്യാർഥികൾക്ക് പോഷകാഹാരം, ലഘു ഭക്ഷണം എന്നിവ ഉറപ്പുവരുത്താൻ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.
പഞ്ചായത്ത് ഓഫിസിൽ നടന്ന യോഗത്തിൽ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ സി.എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സുധി രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. അമ്മത് കൊടുവേരി, സൗദ നിഷാദ്, സഫീല പടയൻ, ജംഷീർ കുനിങ്ങാരത്ത്, പി.എ. അസീസ്, ഓൺലൈൻ പഠനത്തിന് വെള്ളമുണ്ട പഞ്ചായത്തിെൻറ ചുമതലയുള്ള മാനന്തവാടി ബി.ആർ.സി കോഓഡിനേറ്റർ കൂടിയായ കെ.എ. മുഹമ്മദലി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.