ഫുഡ് സേഫ്റ്റി സര്‍ക്കിള്‍ ഓഫിസുകളിൽ വിജിലന്‍സ് പരിശോധന: ക്രമക്കേടുകള്‍ കണ്ടെത്തി
text_fieldsമാനന്തവാടി: ഓപറേഷന് അപ്പറ്റേറ്റ് എന്ന പേരില്‍ സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പിൽ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ജില്ലയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി.സംസ്ഥാനത്തൊട്ടാകെ നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന. മാനന്തവാടി അസി. കമീഷണര്‍ ഓഫിസ്, സുൽത്താൻ ബത്തേരി, മാനന്തവാടി, കല്പറ്റ എന്നിവിടങ്ങളിലെ ഫുഡ് സേഫ്റ്റി സര്‍ക്കിള്‍ ഓഫിസുകളിലാണ് വ്യാഴാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെ പരിശോധന നടന്നത്. പരിശോധനയില്‍ നാലിടങ്ങളിലും ക്രമക്കേടുകള്‍ കണ്ടെത്തി. ലൈസന്‍സ് എടുക്കാതെ രജിസ്ട്രേഷന് പുതുക്കി നല്‍കുന്നതായും ലൈസന്‍സ് എടുത്ത ഉടമകളുടെ ജീവനക്കാര്‍ക്ക് സര്‍ക്കാറില്‍ പണമടച്ച് നടത്തേണ്ട പരിശീലനം സൗജന്യമായി നല്‍കുന്നതായും കണ്ടെത്തി.
ഹോട്ടലുകള്‍ക്കും മറ്റു ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉൽപാദിപ്പിക്കുന്നവര്ക്കും ഭക്ഷ്യസുരക്ഷ വകുപ്പ് നല്കുന്ന രജിസ്ട്രേഷനിലും ലൈസന്‍സിലും ക്രമക്കേടുകള്‍ നടക്കുന്നതായും ഹോട്ടലിലെ ജീവനക്കാര്‍ക്ക് നല്‍കിവരുന്ന പരിശീലനത്തില്‍ ക്രമക്കേട് നടക്കുന്നതായും വിജിലന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് 14 ജില്ല ഭക്ഷ്യ സുരക്ഷാ അസി. കമീഷണര്‍മാരുടെ ഓഫിസുകളിലും തിരഞ്ഞെടുത്ത 52 ഭക്ഷ്യസുരക്ഷ സര്‍ക്കിള്‍ ഓഫിസുകളിലും ഉള്‍പ്പെടെ 67 ഇടങ്ങളില്‍ പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി എടുക്കുന്ന ഭക്ഷ്യ സാമ്പിളുകളില്‍ ഗുണ നിലവാരമില്ലായെന്ന പരിശോധന ഫലം വരുന്നവയില്‍ ചില ഉദ്യോഗസ്ഥര്‍ മനഃപ്പൂർവം കാലതാമസം വരുത്തി ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാക്കുന്നതായും ഭക്ഷ്യസുരക്ഷാ ലൈസന്‍സുകള്‍ എടുത്ത ഭക്ഷ്യ ഉൽപാദകര് അതത് വര്‍ഷം മാര്‍ച്ച് 31നകം റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരില്‍നിന്ന് പിഴ ഈടാക്കാതിരിക്കുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചതോടെയാണ് പരിശോധന നടത്തിയത്. ജില്ലയില്‍ നടത്തിയ പരിശോധനകള്‍ക്ക് വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ എ.യു. ജയപ്രകാശ്, ടി. മനോഹരന്, പി. സജീവ്, സംജിത്ഖാൻ എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.