വയനാട് നഗരത്തിൽ 'ജലധാര'; ഓട്ടോ തൊഴിലാളികൾ ദുരിതത്തിൽ
text_fieldsമാനന്തവാടി: ജലവിഭവ വകുപ്പ് വക നഗരത്തിൽ ജലധാര; ദുരിതത്തിലായി ഓട്ടോ തൊഴിലാളികളും കാൽനടക്കാരും. കുടിവെള്ള പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം പരന്നൊഴുകിയതാണ് കാരണം.
തിങ്കളാഴ്ച വൈകീട്ട് 3.45നു ഗാരേജ് റോഡിൽ നിന്ന് എരുമത്തെരുവിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ കണക്ഷൻ പോയന്റിലുള്ള പൈപ്പാണ് പൊട്ടിയത്. നടപ്പാതയോടു ചേർന്നു സ്ഥാപിച്ച പൈപ്പ് പൊട്ടി സമീപത്തെ കടകളുടെ മുന്നിലേക്കും എത്തി. പൊട്ടിയിടത്തുനിന്ന് 200 മീറ്ററിലധികം ഒഴുകി വെള്ളം ഗാന്ധിപാർക്ക് വഴി പോസ്റ്റോഫിസ് റോഡിലേക്ക് പ്രവേശിച്ചു.
എരുമത്തെരുവിൽ നിന്ന് റോഡരികിലൂടെ കുത്തിയൊഴുകിയ വെള്ളം വാളാട് ബസ് സ്റ്റോപ്പിനു സമീപത്തെത്തിയപ്പോഴാണ് റോഡിലേക്ക് പരന്നൊഴുകിയത്. മലയോര ഹൈവേയുടെ ഭാഗമായി റോഡുപണി നടക്കുന്ന ഇവിടെ ചളിക്കുളമായതോടെ സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിലുള്ള ഡ്രൈവർമാർ ബുദ്ധിമുട്ടി. യാത്രക്കാർക്ക് ഓട്ടോയിൽ കയറാനും പ്രയാസമായി. വിവരമറിയിച്ചതിനെ തുടർന്ന് ജല അതോറിറ്റി അധികൃതർ ടാപ്പ് പൂട്ടിയാണ് പ്രശ്നം പരിഹരിച്ചത്.
അര മണിക്കൂറോളമാണ് കുടിവെള്ളം കുത്തിയൊഴുകിയത്.മലയോര ഹൈേവയുടെ ഭാഗമായി മാനന്തവാടി ടൗണിൽ ജലഅതോറിറ്റി പുതിയ പൈപ്പ്ലൈനുകൾ ഇട്ടുകൊണ്ടിരിക്കുകയാണ്. മാനന്തവാടി ഗാന്ധിപാർക്ക് മുതൽ പാലാക്കുളി കവല വരെയുള്ള ഭാഗത്താണ് പൈപ്പ്ലൈൻ സ്ഥാപിച്ചത്.
പാലാക്കുളി മുതൽ ഗവ. എൻജിനീയറിങ് കോളജ് വരെയുള്ള ഭാഗത്തേക്ക് ടെൻഡർ ഇതുവരെ പൂർത്തിയാകാത്തതിനാൽ പ്രവൃത്തി തുടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.