ഹൃദ്രോഗ ചികിത്സാരംഗത്ത് വയനാടിന് നേട്ടം
text_fieldsമാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി കാത്ത് ലാബില്‍ ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയ ആരംഭിച്ചു. ഗോത്ര വിഭാഗത്തില്‍പ്പെട്ട രോഗിക്കാണ് ശസ്ത്രക്രിയ വിജയകരമായി ചെയ്തത്. ആശുപത്രി സൂപ്രണ്ട് ഡോ. വി.പി. രാജേഷിന്റെ ഏകോപനത്തില്‍ ഡോ. പ്രജീഷ് ജോണ്‍, ഡോ. എ.ജി. ശ്രീജിത്ത്, ഡോ. നയിം എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ആന്‍ജിയോഗ്രാമും ആരംഭിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് എട്ട് കോടി രൂപയും ഒ.ആര്. കേളു എം.എൽ.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപയും ചെലവിട്ടാണ് കാത്ത് ലാബ് ഒരുക്കിയത്. അതോടൊപ്പംതന്നെ ഹൃദ്രോഗ വിഭാഗത്തിനായി ഒ.ആര്. കേളു എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍നിന്ന് 2.67 കോടി രൂപകൂടി ചെലവിട്ട് അത്യാധുനിക എക്കോ മെഷീനും ടി.എം.ടി മെഷീന്, ഹോള്‍ട്ടര്‍ മോണിറ്ററിങ് സംവിധാനമെല്ലാം സജ്ജമാക്കിട്ടുണ്ട്. കൂടാതെ ഹൃദ്രോഗ വിഭാഗത്തിന് മാത്രമായി ഒരു അസി. പ്രഫസറടക്കം മൂന്ന് ഹൃദ്രോഗ വിദഗ്ധന്റെ സേവനമാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജിലുള്ളത്. എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും രോഗികള്‍ക്ക് ഒ.പിയില്‍ ഹൃദ്രോഗ വിദഗ്ധന്റെ സേവനം നല്‍കിവരുന്നുണ്ട്. രക്തധമനികളില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ക്കും കാത്ത് ലാബില്‍നിന്ന് ചികിത്സ ലഭിക്കും. രക്തത്തിന്റെ പമ്പിങ് കുറയുന്നതു തടയാനുള്ള ഐ.സി.ഡി സംവിധാനവും കാത്ത് ലാബിലുണ്ട്. കാത്ത് ലാബ് സി.സി.യുവില്‍ ഏഴ് കിടക്കകളാണ് ഒരുക്കിയത്. ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയകൂടി മെഡിക്കല്‍ കോളജില്‍ ആരംഭിച്ചത് ഹൃദയചികിത്സ രംഗത്ത് വയനാടിന് ആശ്വാസമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.