വയനാട് ഗവ. മെഡിക്കൽ കോളജ്; പുതിയ കെട്ടിടത്തിനും കാത്തിരിപ്പ്
text_fieldsമാനന്തവാടി: കോടികൾ ചെലവഴിച്ച് ബഹുനില കെട്ടിടം നിർമിച്ചു കൊട്ടിഘോഷിച്ച് ഉദ്ഘാടനവും നടത്തി. എന്നാൽ, കക്കൂസ് ടാങ്ക് നിർമിക്കാൻ ഫണ്ടില്ലാത്തതിനാൽ കെട്ടിടം അടഞ്ഞുതന്നെ കിടക്കുന്നു. വയനാട് മെഡിക്കൽ കോളജിൽ 45 കോടി ചെലവഴിച്ച് നിർമിച്ച വിവിധോദ്ദേശ്യ കെട്ടിടത്തിന്റെ ദുരവസ്ഥയാണിത്. ഏപ്രിൽ രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടം രണ്ടു മാസമായിട്ടും അടഞ്ഞുകിടക്കുകയാണ്. കിടക്കയും കട്ടിലും മറ്റ് അനുബന്ധ ഉപകരണങ്ങളും ഇതുവരെ ലഭ്യമാക്കാനായിട്ടില്ല.
കക്കൂസ് ടാങ്ക് നിർമിക്കാനുള്ള പണം വകമാറ്റി ചെലവഴിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പുതിയ എസ്റ്റിമേറ്റ് തയാറാക്കി കിഫ്ബിക്ക് സമർപ്പിച്ചാൽ മാത്രമേ ഫണ്ട് ലഭിക്കുകയുള്ളൂ. പുതിയ കെട്ടിടത്തിൽ മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തണമെങ്കിൽ വയനാട് പാക്കേജിൽ നിന്നും ഫണ്ട് അനുവദിക്കണം. പാക്കേജാകട്ടെ പ്രാരംഭദിശയിൽ മാത്രമാണുള്ളത്.
പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത് ജനങ്ങളിൽ വലിയ പ്രതീക്ഷ ഉയർത്തിയിരുന്നു. മെച്ചപ്പെട്ട ചികിത്സയും സേവനവും ലഭ്യമാകുമെന്നായിരുന്നു പ്രതീക്ഷ. മെഡിക്കൽ കോളജായി ഉയർത്തി ഒന്നര വർഷമാകാനായിട്ടും ചികിത്സയുടെ കാര്യത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.
ജില്ല ആശുപത്രി ആയിരുന്നപ്പോഴുള്ള സേവനം പോലും ലഭിക്കുന്നില്ലെന്നാണ് രോഗികളുടെ പരാതി. മരുന്നിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. നിസ്സാര മരുന്നുകൾ പോലും പുറത്തേക്കെഴുതുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഫാർമസിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ജീവനക്കാരെയും മരുന്ന് വാങ്ങാനെത്തുന്നവരെയും ഒരു പോലെ വലക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.