അസൗകര്യങ്ങള്‍ക്ക് നടുവിലും കൈത്താങ്ങായി വയനാട് മെഡിക്കൽ കോളജ്
text_fieldsമാനന്തവാടി: വയനാട് മെഡിക്കല്‍ കോളജ് ബോര്‍ഡില്‍ മാത്രമാണെന്നും മെഡിക്കല്‍ കോളജിന് ആവശ്യമായ സൗകര്യങ്ങളില്ലെന്നും പരാതി നിലനില്‍ക്കുമ്പോഴും കണ്ണോത്ത് മല വാഹനാപകടത്തെ തുടര്‍ന്ന് പരമാവധി സൗകര്യം പ്രയോജനപ്പെടുത്തുന്നതില്‍ ആശുപത്രി അധികൃതര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തി.
ദുരന്തവാര്‍ത്ത അറിഞ്ഞപ്പോള്‍തന്നെ ആശുപത്രിയില്‍ ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തി. ജില്ലയിലെ മറ്റു ആശുപത്രികളില്‍നിന്ന് പരമാവധി ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും മെഡിക്കല്‍ കോളജിലേക്ക് വരുത്തി. പൊലീസും ജാഗ്രത പാലിച്ചു.
തൊട്ടടുത്ത സ്റ്റേഷനുകളില്‍ നിന്നടക്കം പൊലീസുകാരെ എത്തിച്ചാണ് ക്രമസമാധാന പാലനം ഉറപ്പാക്കിയത്. മരണം ഒമ്പത് ആയതോടെ ഫ്രീസര്‍ പ്രശ്നമായി. നിലിവില്‍ മെഡിക്കല്‍ കോളജില്‍ ആറു ഫ്രീസര്‍ മാത്രമാണുള്ളത്. തുടര്‍ന്ന് മൂന്ന് ഫ്രീസര്‍ ആംബുലന്‍സുകളില്‍നിന്ന് ശേഖരിക്കാന്‍ ആലോചിക്കുകയായിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ദുരന്ത വാര്‍ത്തയറിഞ്ഞ് ആളുകള്‍ ഒഴുകിയെത്തിയതോടെ സ്ഥലപരിമിതി വലിയൊരു പ്രശ്നമായെങ്കിലും അത്യാവശ്യമല്ലാത്ത വാഹനങ്ങള്‍ മെഡിക്കല്‍ കോളജ് റോഡില്‍ തടഞ്ഞതോടെ ഒരുപരിധിവരെ വാഹനത്തിരക്ക് ഒഴിവാക്കാനും കഴിഞ്ഞു.
വേദനയോടെ സംഭവം വിവരിച്ച് അപകട സ്ഥലത്തെത്തിയ പ്രദേശവാസി
മാനന്തവാടി: ‘‘വാളാട് നിന്ന് വരുമ്പോൾ റോഡ് സൈഡിൽനിന്ന രണ്ടാളുകൾ എന്നോട് പറഞ്ഞു: ഒരു വണ്ടി താഴോട്ട് പോയിട്ടുണ്ടെന്ന്. ഉടൻ ബൈക്ക് നിർത്തി താഴോട്ട് നോക്കുമ്പോൾ രണ്ടുമൂന്നുപേർ താഴെയുണ്ട്. വണ്ടിയും കാണുന്നുണ്ട്. വണ്ടിക്കുള്ളിലും ആളുണ്ട്. ഉടൻ തന്നെ അപകടത്തിൽപ്പെട്ടവരെ എടുക്കാൻ ആരെങ്കിലുമുണ്ടോയെന്നറിയാൻ റോഡിന്റെ മുകൾ ഭാഗത്തേക്ക് പോയി നോക്കി. പൊലീസ് സ്റ്റേഷനിൽ വിളിച്ചിട്ട് കിട്ടിയില്ല.
തലപ്പുഴയിലുള്ള മഹറൂഫ് എന്ന മണ്ണുമാന്തി യന്ത്രത്തിന്റെ ആളുടെ നമ്പർ ഉണ്ടായിരുന്നു. അയാളെ വിളിച്ച് കൂടുതൽ ആളെയും കൂട്ടി, പൊലീസിൽ അറിയിച്ച് വരാൻ പറഞ്ഞു. അപ്പോഴേക്കും കുറച്ചാളുകൾ വന്നു. എസ്.ഐ അടക്കം പൊലീസുമെത്തി. അവിടെയുണ്ടായിരുന്ന ഓട്ടോറിക്ഷയിൽനിന്ന് കുറച്ച് കയർ കിട്ടി. ആ കയർ താഴേക്ക് ഇറക്കി ഓരോരുത്തരെ എടുക്കാൻ തുടങ്ങി. അപ്പോഴേക്കും കൂടുതൽ ആളുകൾ എത്തി. പിന്നെ പരിക്കേറ്റവരെ താഴെ നിന്ന് ആളുകൾ കൈമാറി മുകളിലെത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.