വയനാട് മെഡിക്കൽ കോളജ്; പൂട്ടിക്കിടക്കുന്ന പേ വാർഡ് തുറക്കാൻ നടപടിയില്ല
text_fieldsമാനന്തവാടി: വയനാട് മെഡിക്കൽ കോളജിലെ പേ വാർഡ് തുറന്ന് പ്രവർത്തിക്കാൻ നടപടികളില്ല. ലക്ഷങ്ങൾ ചെലവഴിച്ച് നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചെങ്കിലും അധികൃതരുടെ അനാസ്ഥ മൂലം പേവാർഡ് പ്രവർത്തനം ആരംഭിക്കാത്തത് ചികിത്സ തേടി എത്തുന്നവർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ്. വയനാട് മെഡിക്കൽ കോളജിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ കിടത്തി ചികിത്സ ആവശ്യമായി വരുന്നവർക്ക് ഏറെ സൗകര്യപ്രദമായി മാറേണ്ട പേ വാർഡ് വർഷങ്ങളായി പൂട്ടിക്കിടക്കുന്നത് അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ്.
എട്ടു വീതം ഡീലക്സ്, സെമി ഡീലക്സ് റൂമുകൾ, എട്ടു കിടക്കകൾ വീതമുള്ള പുരുഷ, വനിത വാർഡുകൾ എന്നിവ ഉൾപ്പെടെ 32 പേരെ കിടത്തിചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. സ്വകാര്യ ആശുപത്രികളിൽ മുറികൾക്ക് വൻതുക ഈടാക്കുമ്പോൾ കേരള ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റിയുടെ കീഴിലുള്ള (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) ഇവിടെ ഡീലക്സ് റൂമുകൾക്ക് 350 രൂപയും സെമി ഡീലക്സ് റൂമുകൾക്ക് 275 രൂപയും മാത്രമാണ് ഈടാക്കുന്നത്. ആശുപത്രിയിലെ പുരുഷ, വനിത വാർഡുകളിൽ നിലവിലുള്ള കിടക്കകളെക്കാൾ ഇരട്ടിയിലധികം ആളുകളെയാണ് നിത്യേന പ്രവേശിപ്പിക്കുന്നത്. കിടത്തി ചികിത്സ ആവശ്യമായി വരുന്ന നൂറുകണക്കിന് രോഗികൾ റൂം സൗകര്യം ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഇത് വൻ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്.
ജില്ല പഞ്ചായത്തിന് കീഴിലായിരുന്ന വാർഡ് പിന്നീട് കെ.എച്ച്.ആർ.ഡബ്ല്യു.എസിന് കൈമാറുകയായിരുന്നു. കോവിഡ് കാലത്താണ് പേവാർഡ് അടച്ചുപൂട്ടിയത്. തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ നിരവധി പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് നവീകരണ പ്രവൃത്തി പൂർത്തീകരിച്ചിട്ടും നിസ്സാര കാര്യങ്ങളുടെ പേരിൽ വാർഡ് പ്രവർത്തനമാരംഭിക്കാത്ത അനാസ്ഥക്കെതിരെ ക പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.