വയനാട് മെഡിക്കൽ കോളജ്; മരുന്നുമില്ല, ജീവനക്കാരുമില്ല
text_fieldsമാനന്തവാടി: വയനാട് മെഡിക്കൽ കോളജിൽ മരുന്നുക്ഷാമം തുടർക്കഥയാകുന്നതോടൊപ്പം ഫാർമസിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ചികിത്സ തേടിയെത്തുന്ന ആയിരങ്ങളെ വലക്കുന്നു. മെഡിക്കൽ കോളേജ് ഫാർമസിക്ക് മുന്നിൽ മിക്ക ദിവസങ്ങളിലും ആളുകളുടെ നീണ്ടനിരയാണ്.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ പ്രായമായവരും സ്ത്രീകളുമെല്ലാം മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട ഗതികേടാണ്. പ്രതിദിനം ശരാശരി 2000ത്തോളം പേരാണ് ഫാർമസിയിൽ മരുന്നിനായെത്തുന്നത്. മണിക്കൂറുകൾ ക്യൂ നിന്ന് ഫാർമസി കൗണ്ടറിന് മുന്നിലെത്തുമ്പോൾ മരുന്നില്ലെന്ന മറുപടിയാവും ലഭിക്കുക. ക്യൂവിൽ നിൽക്കുന്ന പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതും പതിവാണ്.
മൂന്ന് ഷിഫ്റ്റുകളിലായി 11 പേരാണ് ഫാർമസിയിൽ സേവനത്തിനായി ആവശ്യമുള്ളത്. പകൽ സമയങ്ങളിൽ ഏഴു പേരാണ് ഉണ്ടാകേണ്ടത്. എന്നാൽ, ഇപ്പോൾ മൂന്നു പേർ മാത്രമാണ് ദിവസങ്ങളായി ഡ്യൂട്ടിയിലുള്ളത്.
ജിവനക്കാർക്കും ഇത് ദുരിതമായി മാറിയിരിക്കുകയാണ്. അതേസമയം, മെഡിക്കൽ കോളജായി ഉയർത്തിയ സാഹചര്യത്തിൽ കൂടുതൽ ജിവനക്കാരെ ഫാർമസിയിൽ നിയമിക്കണമെന്നാവശ്യപ്പെട്ട് മുകളിലേക്ക് റിപ്പോർട്ട് പോയിട്ടുണ്ടെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണ് അധികൃതരിൽ നിന്നും ലഭിച്ചതെന്നാണ് വിവരം.
താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം നിലച്ചു
സുൽത്താൻ ബത്തേരി: താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം നിലച്ച അവസ്ഥയിൽ. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലാണ് ഗൈനക്കോളജി വിഭാഗം പ്രവർത്തനം നിലച്ച അവസ്ഥയിലായിരിക്കുന്നത്. ഈ മാസം ആദ്യം മുതൽ ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർമാരില്ല.
രണ്ടു ഡോക്ടർമാരുടെ സേവനമായിരുന്നു ഇവിടെയുണ്ടായിരുന്നത്. എന്നാൽ, ഇതിലൊരാൾ ലീവിലും മറ്റൊരാൾ കോടതി ഡ്യൂട്ടിയുമായി പോയതുമാണ് ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനം നിലക്കാൻ കാരണം.
ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാർ ഇപ്പോൾ ദുരിതത്തിലാണ്. ആശുപത്രിയിലെത്തി ഡോക്ടർ ഇല്ലായെന്ന് അറിയുന്നതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. ഒ.പി ഉണ്ടായിരുന്നപ്പോൾ 50 പേരെയാണ് പരിശോധിച്ചിരുന്നത്. വെളുപ്പിന് നാലു മണിക്കും മറ്റും എത്തി ക്യൂ നിൽക്കുന്നവർക്കേ ഒ.പി പരിശോധന സാധ്യമാവുമായിരുന്നുള്ളൂ.
ഗൈനക്കോളജി വിഭാഗത്തിലെ വിഷയങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസും മുസ് ലിം ലീഗും നിരവധി സമരങ്ങൾ നടത്തിയിരുന്നു. ഗൈനക്കോളജിയിൽ ഡോക്ടർമാർ ഇല്ലാത്ത വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.