വയനാട് മെഡിക്കൽ കോളജിൽ ഒ.പി മുടങ്ങി
text_fieldsമാനന്തവാടി: ഡോക്ടർമാരില്ലാത്തതിനാൽ വയനാട് മെഡിക്കൽ കോളജിൽ ജനറൽ മെഡിസിൻ ഒ.പി ശനിയാഴ്ച മുടങ്ങി. ചികിത്സ ലഭിക്കാതെ നിരവധി രോഗികളാണ് മടങ്ങിയത്. പല ഒ.പികളും മുടങ്ങുന്നത് പതിവായിട്ടുണ്ട്. ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ജനറൽ മെഡിസിൻ ഒ.പി കൃത്യമായി പ്രവർത്തിക്കാത്തത് അയൽ സംസ്ഥാനങ്ങളിൽ നിന്നും അയൽ ജില്ലകളിൽ നിന്നും ചികിത്സ തേടി എത്തുന്ന നിരവധി പേരെയാണ് വലച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനറൽ മെഡിസിൻ ഒ.പി മുടങ്ങുന്നത് വ്യാപക പ്രതിഷേധങ്ങൾക്കിടയാക്കുന്നുണ്ട്. ആശുപത്രി ജീവനക്കാരുടെ വാട്സ് ആപ് ഗ്രൂപ്പിൽ ശനിയാഴ്ച പ്രവർത്തിക്കുന്ന ഒ.പികളിൽ ജനറൽ മെഡിസിൻ ഒ.പിയുമുണ്ടായിരുന്നു.
ജീവനക്കാർ ഈ അറിയിപ്പ് നിരവധി വാട്സ് ആപ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുകയും ചെയ്തിരുന്നു, ഒ.പി ടിക്കറ്റ് കൗണ്ടറിൽ നിന്നും ജനറൽ മെഡിസിൻ ഒ.പിയിലേക്ക് നാല് ടോക്കണുകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് ജനറൽ മെഡിസിൻ ഒ.പി പ്രവർത്തിക്കില്ലെന്ന നിർദേശം ലഭിച്ചതോടെ ദൂര സ്ഥലങ്ങളിൽ നിന്നും മറ്റും ചികിത്സ തേടി എത്തിയ ആളുകൾ നിരാശയോടെ മടങ്ങുകയായിരുന്നു. ജനറൽ ഒ.പിയിൽ ചികിത്സ തേടി എത്തിയവരുടെ നീണ്ട നിരയാണ് ഉണ്ടായിരുന്നത്. അധികൃതരുടെ അനാസ്ഥക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.