കുങ്കിയാനകൾ വന്നിട്ടും രക്ഷയില്ല; മുത്തുമാരിയിൽ വീണ്ടും കാട്ടാനകളുടെ വിളയാട്ടം
text_fieldsമാനന്തവാടി: കുങ്കിയാനകൾ വന്നിട്ടും തൃശ്ശിലേരിയിലെ കാട്ടാനശല്യത്തിന് അറുതിയാകുന്നില്ല. രണ്ടു മാസത്തോളമായി ശല്യമായ കാട്ടാനകളെ തുരത്താൻ വ്യാഴാഴ്ചയാണ് രണ്ടു കുങ്കിയാനകളെ എത്തിച്ചത്. എന്നാൽ, അവയെ വകവെക്കാതെ തൃശ്ശിലേരി മുത്തുമാരിയിൽ വെള്ളിയാഴ്ചയും ഒറ്റയാന്റെ വിളയാട്ടം.
വെള്ളിയാഴ്ച പുലർച്ച പ്രദേശവാസിയായ വെള്ളികുന്നേൽ സണ്ണിയുടെ കൃഷിയിടത്തിലെത്തിയ ആന ആകെയുള്ള 10 സെന്റ് സ്ഥലത്തെ തെങ്ങും വാഴകളും നശിപ്പിച്ചു. കനത്ത മഴയായതിനാൽ വീട്ടുകാർ അറിഞ്ഞിരുന്നില്ല. നേരം പുലർന്നതോടെ ആനയെ കണ്ട അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി കുങ്കിയാനകളുടെ സഹായത്തോടെ കാട്ടിലേക്ക് തുരത്തി.
മാസങ്ങളായി പ്രദേശത്ത് ആനശല്യം ഉണ്ടായതിനെ തുടർന്ന് വലിയ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് മുത്തങ്ങയിൽനിന്ന് ഭരത്, ഉണ്ണികൃഷ്ണൻ എന്നീ കുങ്കിയാനകളെ വ്യാഴാഴ്ച സ്ഥലത്തെത്തിച്ചത്. ഇവരെ കുന്നിൻമുകളിൽ പാർപ്പിക്കുകയും ചെയ്തു. എന്നാൽ, മറ്റൊരു വഴിയിലൂടെ കുന്നിന്റെ താഴ്വാരത്ത് എത്തിയാണ് വെള്ളിയാഴ്ച ആന കൃഷിനാശം ഉണ്ടാക്കിയത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വെള്ളിയാഴ്ച കുങ്കിയാനകളുടെ സേവനം ഉപയോഗപ്പെടുത്താൻ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല.
കശ്മീരിൽ വീണ്ടും കാട്ടാന
മേപ്പാടി: ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽപെട്ട പുത്തുമല കശ്മീർ പ്രദേശത്ത് വീണ്ടും കാട്ടാനയിറങ്ങി കൃഷികൾ നശിപ്പിച്ചു. തായാട്ടുചിറക്കൽ മുഹമ്മദിന്റെ വീടിന്റെ സിമന്റ് ഷീറ്റുകൾ തകർത്ത ആന കൃഷിയിടത്തിലിറങ്ങി ഏലം, വാഴ, കുരുമുളക് തുടങ്ങിയ കാർഷിക വിളകളും വ്യാപകമായി നശിപ്പിച്ചു. ആനകളെ പ്രതിരോധിക്കാനും നഷ്ടപരിഹാരം ലഭിക്കാനും നടപടിയുണ്ടാകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
കശ്മീരിൽ ഈ മാസംതന്നെ രണ്ടാമത്തെ കാട്ടാന ആക്രമണമാണിത്. പടിപ്പുരക്കൽ പ്രശാന്ത്, അയൽവാസി ഇബ്രാഹിം എന്നിവരുടെ കൃഷികളാണ് ജൂലൈ എട്ടിന് കാട്ടാനയിറങ്ങി നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ മുഹമ്മദിന്റെ പുരയിടത്തിലെത്തിയ കാട്ടാന പുലർച്ച മൂന്നു വരെ അവിടെത്തന്നെ തുടർന്നു.
ആനക്കലിയിൽ ഒടുങ്ങുമോ ഞങ്ങളുടെ ജീവിതം?
മാനന്തവാടി: ആനക്കലിയിൽ ഒടുങ്ങുമോ ഞങ്ങളുടെ ജീവിതം എന്ന് ഭീതിയോടെ ചോദിക്കുകയാണ് മുത്തുമാരി വെള്ളികുന്നേൽ സണ്ണിയുടെ ഭാര്യ സോമിയും അയൽവാസി കടവന്നൂർ ബാബുവും. രണ്ടു മാസമായി പ്രദേശത്ത് ആനയുടെ വിളയാട്ടമാണ്.
ഒരു കൊമ്പനും രണ്ടു മോഴകളുമാണ് സ്ഥിരം ശല്യക്കാർ. ഇവിടെ പതിനൊന്നോളം കുടുംബങ്ങളാണ് സ്ഥിരതാമസക്കാർ. ബാക്കി പുറത്തുനിന്നുള്ളവർ വാങ്ങിയ ഭൂമിയാണ്. ഈ സ്ഥലങ്ങളിലാണ് രാപ്പകൽ ഭേദമന്യേ ആനകളുടെ താണ്ഡവം. ശക്തമായ പ്രതിഷേധത്തെ തുടർന്ന് വെള്ളിയാഴ്ച വനംവകുപ്പ് കുങ്കിയാനകളെ എത്തിച്ചു. എന്നിട്ടും വെള്ളിയാഴ്ച പുലർച്ച കാട്ടാന സ്ഥലത്തെത്തി കൃഷിനാശം വരുത്തി. കനത്ത മഴയിൽ നായുടെ കുര കേട്ട് ഉണർന്നുനോക്കി ടോർച്ചടിച്ചെങ്കിലും അസ്വാഭാവികതയൊന്നും തോന്നിയില്ലെന്ന് ബാബു പറഞ്ഞു.
നേരം വെളുത്തപ്പോഴാണ് കൃഷി നശിപ്പിച്ച സ്ഥലത്ത് ആന നിലയുറപ്പിച്ചത് കണ്ടത്. ഇതോടെ വനപാലകരെ വിവരമറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ വനപാലകർ ആനയെ തുരത്തുകയായിരുന്നു. കൃഷി നശിപ്പിച്ചുകഴിഞ്ഞാൽ പരാക്രമം വീടുകൾക്ക് നേരെയാകുമോ എന്ന ആശങ്കയിലാണ് ഇവിടത്തുകാർ. ഇക്കാര്യത്തിൽ സർക്കാറും ജനപ്രതിനിധികളും ഉണർന്നുപ്രവർത്തിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കൃഷിനാശത്തിന് സമയബന്ധിതമായി നഷ്ടപരിഹാരംകൂടി ലഭ്യമാക്കിയാലേ കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.