മുത്തുമാരി നിവാസികൾക്ക് ആശ്വാസം; രക്ഷകരായി കുങ്കിയാനകളെത്തി
text_fieldsമാനന്തവാടി: കാട്ടാനകളുടെ ആക്രമണം രൂക്ഷമായ മുത്തുമാരിയിലെ ജനങ്ങൾക്ക് ആശ്വാസമായി കുങ്കിയാനകളെത്തി. തൃശ്ശിലേരി മുത്തുമാരിയിലെ കൃഷിയിടങ്ങൾ നശിപ്പിക്കുന്ന കാട്ടാനകളെ തുരത്താനാണ് മുത്തങ്ങ ആനപ്പന്തിയിൽ നിന്ന് ഉണ്ണികൃഷ്ണൻ, ഭരത് എന്നീ കുങ്കിയാനകളെ വ്യാഴാഴ്ച മുത്തുമാരിയിലെത്തിച്ചത്. ഉണ്ണികൃഷ്ണനെ ഉച്ചക്ക് 12ഓടെയും ഭരതിനെ ആറരയോടെയുമാണ് മുത്തുമാരി കവലയിൽ ലോറിയിൽ നിന്നിറക്കിയത്. ഇവിടെ നിന്ന് നടത്തിച്ച് മുത്തുമാരി മലയടിവാരത്തെത്തിച്ചു.
മുത്തുമാരി മലയടിവാരത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കുങ്കിയാനകളുള്ളത്. ഇവയുടെ സാന്നിധ്യം മനസ്സിലായാൽ കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങില്ലെന്ന ആശ്വാസത്തിലാണ് വനംവകുപ്പും ജനങ്ങളും.
മുത്തുമാരിയിൽ കാട്ടാനശല്യം പ്രദേശവാസികൾക്കെന്ന പോലെ വനംവകുപ്പിനും തലവേദനയായിരുന്നു. പ്രദേശത്തെ ഏക്കർ കണക്കിനു കൃഷിയിടങ്ങളാണ് കാട്ടാനകൾ നശിപ്പിച്ചത്.
ആനയുടെ മുന്നിൽപ്പെട്ട പ്രദേശവാസികളായ പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. കാട്ടാനകൾ നിരന്തരം പ്രശ്നമാക്കിയതോടെ വനംവകുപ്പ് രാത്രി പട്രോളിങ്ങും കാര്യക്ഷമമാക്കിയിരുന്നു. തൃശ്ശിലേരി സെക്ഷനിലെ വനം വകുപ്പ് ജീവനക്കാരെയും നോർത്ത് വയനാട് വനം ഡിവിഷന് കീഴിലെ റാപിഡ് റെസ്പോൺസ് ടീമിനെയും രാത്രിയിൽ പ്രദേശത്ത് വിന്യസിച്ചിരുന്നു.
ഇതിനു ശേഷം മുത്തുമാരിയിയിലെ കൃഷിയിടങ്ങളിൽ കാട്ടാന എത്തിയിട്ടില്ല. അതേസമയം, മുത്തുമാരിക്ക് സമീപം അരീക്കര ഭാഗങ്ങളിൽ വനംവകുപ്പിന്റെ ആനക്കിടങ്ങ് ഇടിച്ചു നിരത്തി കാട്ടാനകൾ കൃഷിയിടത്തിൽ പ്രവേശിക്കുന്നുണ്ട്.
ഇവിടെ തൂക്കുവേലിയുണ്ടെങ്കിലും മരങ്ങളും മറ്റും ഇതിനു മുകളിലേക്ക് മറിച്ചിട്ടാണ് കിടങ്ങുകളിടിച്ച് കാട്ടാനകൾ കൃഷിയിടങ്ങളിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.