തോല്‍പ്പെട്ടിയില്‍ കാട്ടാനശല്യം രൂക്ഷം; സ്കൂളിലെ വാഴത്തോട്ടം നശിപ്പിച്ചു
text_fieldsമാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ വീണ്ടും കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം പുലര്‍ച്ച 3.50 ഓടെ തോല്‍പ്പെട്ടി ഗവ. ഹൈസ്കൂളിലെ കുട്ടികളുടെ കൃഷിയിടത്തിലെത്തിയ കാട്ടാന ഒരു മണിക്കൂറോളം ഇവിടെ ചെലവഴിക്കുകയും നൂറോളം വാഴകള്‍ നശിപ്പിക്കുകയും ചെയ്തു.
വാഴക്ക് പുറമേ മറ്റുപച്ചക്കറികൃഷികളും ചവിട്ടി നശിപ്പിച്ചിട്ടുണ്ട്. കൂടാതെ സമീപവാസിയായ പുഴക്കുന്നത്ത് സുലേഖയുടെ നെറ്റുകൊണ്ട് സ്ഥാപിച്ച ചുറ്റു മതിലും ആന തകര്‍ത്തു.
തോല്‍പ്പെട്ടി, നരിക്കല്ല്, അരണപ്പാറ, ചേകാടി, വെള്ളറ പ്രദേശങ്ങളിലാണ് പ്രധാനമായും ആനശല്യം കൂടുതലായുള്ളത്. കൂട്ടമായത്തെന്ന ആനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. നെടുന്തന, കക്കേരി, നായ്ക്കട്ടി എന്നിവിടങ്ങിലെ കാട്ടുനായ്ക്ക കോളനികളും ആനകള്‍ കൂട്ടമായി എത്തുന്നുണ്ട്. പ്രദേശവാസികള്‍ക്ക് പകല്‍പോലും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്.
പ്രധാനമായും കർണാടക വനാര്‍ത്തി കടന്നാണ് ആനകള്‍ എത്തുന്നത്. ചക്ക സീസണായതിനാല്‍ ആനകള്‍ പ്രദേശത്ത് തമ്പടിക്കുകയാണ്.
കാട്ടാന ശല്യം രൂക്ഷമായിട്ടും വനം വകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. ആനശല്യം രൂക്ഷമാകുന്ന പ്രദേശങ്ങള്‍ വനംവകുപ്പിന്റെ ബേഗൂര്‍, തോല്‍പ്പെട്ടി എന്നിങ്ങനെ രണ്ട് റേഞ്ചിന് കീഴിലാണ്.
ആനശല്യം വര്‍ധിക്കുമ്പോള്‍ വനംവകുപ്പ് തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ ഫോറസ്റ്റ് ജീവനക്കാരും നാട്ടുകാരും തമ്മിലുള്ള വാക്കേറ്റത്തിന് ഇടയാക്കുന്നുണ്ട്. രണ്ട് റെഞ്ചുകള്‍ അതിര്‍ത്തി പങ്കിടുന്ന സ്ഥലമായതിനാല്‍ ഇരു റേഞ്ചുകളില്‍നിന്നും സംയുക്ത സംഘത്തെ പ്രദേശത്ത് കാവല്‍ നിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.