പിടിതരാതെ കൊലയാളി കടുവ
text_fieldsമാനന്തവാടി: പുതുശ്ശേരിയിലെ കടുവയെ പിടികൂടാനുള്ള വനംവകുപ്പ് തിരച്ചിൽ ഊർജിതമാക്കി. വ്യാഴാഴ്ചയാണ് കടുവ പുതുശ്ശേരി വെള്ളാരംകുന്ന് പള്ളിപുറത്ത് തോമസിനെ (50) കൃഷിയിടത്തിൽ ആക്രമിച്ച് കൊന്നത്. ഇതേ തുടർന്ന് വ്യാഴാഴ്ച തന്നെ തിരച്ചിൽ ആരംഭിക്കുകയും കാമറകളും കൂടും സ്ഥാപിച്ചു.
കടുവയുടെ കാൽപാട് നോക്കിയുള്ള പരിശോധനയിൽ തവിഞ്ഞാൽ പഞ്ചായത്തിലെ മുടപ്പിനാൽ കടവ് ചാത്തംകുന്ന് പ്രദേശത്ത് കടുവ ഒളിഞ്ഞിരിക്കാൻ സാധ്യത ഉള്ളതിനാൽ ഈ ഭാഗത്താണ് പ്രധാനമായും തിരച്ചിൽ നടത്തിയത്. തേയില തോട്ടത്തിൽ മുത്തങ്ങയിൽ നിന്ന് എത്തിച്ച സുരേന്ദ്രൻ എന്ന കുങ്കിയാനയുടെ സഹായത്തോടെ തിരച്ചിൽ നടത്തി.
വെള്ളിയാഴ്ച രാവിലെ മുതൽ വൈകീട്ടുവരെ കടുവക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച സന്ധ്യയോടെ നിർത്തിവെച്ച തിരച്ചിൽ ശനിയാഴ്ചയും തുടരും. തിരച്ചിലിന് ചീഫ് കൺസർവേറ്റർ എസ്. നരേന്ദ്രബാബു, കൺസർവേറ്റർ കെ.എസ്. ദീപ, ഡി.എഫ്.ഒമാരായ എ.ഷജ്ന, മാർട്ടിൻ ലോവൽ, എം.ടി. ഹരിലാൽ എന്നിവർ നേതൃത്വം നൽകി.
വനം വകുപ്പ് വെറ്ററിനറി ഓഫിസർ ഡോ. അജേഷ് മോഹനന്റെ നേതൃത്വത്തിലായിരുന്നു ആർ.ആർ.ടി.യുടെ പരിശോധന. കണ്ണൂർ ഡി.ഐ.ജി രാഹുൽ ആർ. നായരുടെ നേതൃത്വത്തിൽ കണ്ണൂർ എസ്.പി. കറുപ്പ് സ്വാമി, വയനാട്, കണ്ണൂർ, കാസർകോട്,കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഏഴ് ഡിവൈ.എസ്.പിമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ സുരക്ഷയാണ് മാനന്തവാടി താലൂക്കിൽ ഒരുക്കിയിരിക്കുന്നത്.
ഇതിനിടെ, കർഷകനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാറിന്റെ വീഴ്ചയിൽ പ്രതിഷേധിച്ച് യു.ഡി.എഫും ബി.ജെ.പിയും മാനന്തവാടി താലൂക്കിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി.
കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസുകൾ നടത്തിയെങ്കിലും പ്രാദേശിക സർവിസുകൾ ഒന്നും ഓടിയില്ല. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. ഹർത്താലനുകൂലികൾ വിവിധ സ്ഥലങ്ങളിൽ പ്രകടനം നടത്തി.
ക്രമസമാധാന ചുമതലകൾക്കായി വിന്യസിച്ചത് 279 പൊലീസുകാരെ
മാനന്തവാടി: പുതുശ്ശേരിയിലെ കടുവ ആക്രമണത്തെ തുടര്‍ന്ന് ക്രമസമാധാനച്ചുമതലകൾക്കായി വിന്യസിച്ചത് 279 പൊലീസ് ഓഫിസര്‍മാരെ. ആറ് ഡിവിഷനുകളാക്കിയാണ് പൊലീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
മാനന്തവാടിയിലെ നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ഓഫീസ്, വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി, പുതുശ്ശേരിയിലെ തോമസിന്റെ വീട്, പള്ളി, കൽപറ്റ, മാനന്തവാടി എം.എല്‍.എ ഓഫിസുകൾ, കൽപറ്റയിലെ എം.പി ഓഫിസ്, മാനന്തവാടിയില്‍ നിന്ന് പുതുശ്ശേരിയിലേക്കുള്ള വഴി, ലോ ആന്‍ഡ് ഓര്‍ഡര്‍ എന്നിങ്ങനെ വിഭജിച്ചാണ് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍.
ആറ് ഡിവൈ.എസ്.പിമാരെയും 12 പൊലീസ് ഇന്‍സ്പെക്ടര്‍മാരെയും എസ്.ഐ, എ.എസ്.ഐമാര്‍ ഉള്‍പ്പെടെ 42പേര് എന്നിവരെയും 196 സിവില്‍ പൊലീസ് ഓഫിസര്‍മാരെയും 23 വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാരെയുമാണ് വിന്യസിച്ചിട്ടുള്ളത്.
കൽപറ്റ എ.എസ്.പി തപോഷ് ബസുമതിക്കാണ് മാനന്തവാടി സബ് ഡിവിഷന്റെ ചുമതല. കോഴിക്കോട് റൂറല്‍ എസ്.പി ആര്. കറുപ്പസ്വാമിക്കാണ് ജില്ലയുടെ ഏകോപനച്ചുമതല. ജില്ല പൊലീസ് മേധാവി ആര്. ആനന്ദും മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രനും ശബരിമല ജോലിയിലായതിനാലാണ് കറുപ്പസ്വാമിക്കും തപോഷ് ബസുമതിക്കും ചുമതല നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.