നീക്കാൻ നടപടിയില്ല: കാടിനെ വിഴുങ്ങി മഞ്ഞക്കൊന്ന
text_fieldsമാനന്തവാടി: കാടിനെ വിഴുങ്ങുന്ന മഞ്ഞക്കൊന്നയുടെ വ്യാപനം തടയാൻ കഴിയാതെ വനം വകുപ്പ്.
വയനാട്ടിലും കർണാടക, തമിഴ്നാട് വനമേഖലയിലും അതിവേഗം പടർന്നു പിടിച്ച് വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥക്ക് ദോഷകരമായ അധിനിവേശ സസ്യമാണ് മഞ്ഞ കൊന്ന.
രാക്ഷസ കൊന്നയെന്നും ഇതിനു േപരുണ്ട്. സെന്ന കാസിയ സ്പെക്ടാബിലിസ് എന്നാണ് ശാസ്ത്രീയ നാമം. വിവിധ ഇനം മരങ്ങളുടെയും ചെടികളുടെയും വിത്തുകൾ വിദേശത്തു നിന്ന് കൊണ്ടുവന്ന കുട്ടത്തിൽ വന്നുപെട്ടതാണ് മഞ്ഞക്കൊന്ന.
ഏതാണ്ട് എട്ടു വർഷമായി ഒറ്റപ്പെട്ടു കണ്ടിരുന്ന ഈ മരം വയനാട്ടിലെ മുഴുവൻ വന മേഖലയിലും സ്വകാര്യ തോട്ടങ്ങളിലും വ്യാപിച്ചു കഴിഞ്ഞു.
ഇതിെൻറ അപകടം ചൂണ്ടികാട്ടി വിവിധ സംഘടനകൾ നൽകിയ പരാതി സർക്കാരും വനം വകുപ്പും പരിഗണിച്ച് ഇതു നശിപ്പിക്കാൻ പദ്ധതി തയാറാക്കിയിരുന്നു. കേരള, കർണാടക, തമിഴ്നാട് സർക്കാരുകൾ സംയുക്തമായാണ് പദ്ധതി തയാറാക്കിയത്. എന്നാൽ, ഒരു വർഷം പിന്നിട്ടിട്ടും ഒന്നും നടപ്പായില്ല .
ഇപ്പോൾ അടിയന്തരമായി ചെയ്യാൻ കഴിയുന്നത് ശിഖരങ്ങൾ വെട്ടിമാറ്റി പൂവിടുന്നത് തടയലാണ്.
അതും ഈ വർഷവും നടന്നിട്ടില്ലെന്ന് വനപാലകർ പറയുന്നു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ പൂത്ത് കായ് പൊഴിക്കാൻ തുടങ്ങും.
6000 മുതൽ 9000 കായ്കൾ വരെ ഒരു മരത്തിൽ നിന്ന് വീഴുന്നു. മഞ്ഞക്കൊന്നയിൽ വിഷാംശം നിറഞ്ഞതിനാൽ ഒരു ജീവികളും ഉപയോഗിക്കില്ല. മനുഷ്യ ശരീരത്തിൽ അലർജി ഉണ്ടാക്കുന്നതാണ്. െലൻറ്റാന, ജൂപിറ്റേറിയം തുടങ്ങിയ സസ്യങ്ങൾ വനമേഖല കൈയടക്കി വന്യമൃഗങ്ങളുടെ സഞ്ചാരം തടയുന്നുണ്ട്.
മറ്റു സസ്യങ്ങൾ വളരാനും കഴിയില്ല. ഇതു വന്യജീവികൾക്ക് ഭീഷണിയാണ്.
അതിലും വലിയ ഭീഷണിയാണ് മഞ്ഞക്കൊന്നയുടെ വ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.