ഫ്ലാറ്റിലിരുന്ന് വയനാട്ടിലെ കൃഷിയിൽ പങ്കാളിയാകാം
text_fieldsമാനന്തവാടി: ഇനി കൊച്ചിയിലോ കോഴിക്കോട്ടോ ഫ്ലാറ്റിലിരുന്ന് വയനാട്ടിലെ കൃഷിയിൽ പങ്കാളിയാകാം. വിളവെടുക്കാം. വിത്തുവിതച്ചതുമുതൽ വിളവെടുക്കുന്നതുവരെ കാഴ്ചകളിലും അനുഭവങ്ങളിലും സന്തോഷത്തിലും ഉപഭോക്താക്കൾക്കും പങ്കാളികളാവാൻ അവസരമൊരുക്കുകയാണ് വയനാട്ടിലെ ഒരുപറ്റം കർഷകർ. പയർ കൃഷിയിൽ ഉപഭോക്താക്കളെക്കൂടി ഉൾപ്പെടുത്തുന്ന പങ്കാളിത്ത കൃഷിയാണ് ഇവിടെ പരീക്ഷിക്കുന്നത്.
കാർഷിക മേഖലയിലെ പുത്തൻ സംരംഭമായ മാനന്തവാടി ആസ്ഥാനമായ ടി ഫാം വയനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലാണ് തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴയിൽ മൂന്നേക്കർ തരിശ് ഭൂമിയിൽ നാലിനം പയർ കൃഷിചെയ്യുന്നത്. പത്തു പുരുഷന്മാരും ഒമ്പതു സ്ത്രീകളും ചേർന്ന ഗ്രീൻസ് കർഷക താൽപര്യസംഘം (എഫ്.ഐ.ജി) ആണ് വേറിട്ട പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്. എഫ്.ഐ.ജി. പ്രസിഡന്റ് ഉദയകുമാറിന്റെയും സെക്രട്ടറി വിജിത്തിന്റെയും നേതൃത്വത്തിൽ മുഴുവൻ അംഗങ്ങളും രണ്ടാഴ്ച മുഴുവൻ സമയം ജോലിചെയ്തും മുപ്പതിനായിരം രൂപ ചെലവഴിച്ചുമാണ് കാടുപിടിച്ച മൂന്ന് ഏക്കർ തരിശ് ഭൂമി വിളനിലമാക്കി മാറ്റിയത്.
നാടൻ ഇനമായ കുളത്താട, ഉല്പാദനം കൂടിയ നാംധാരി, നാഗശ്രീ, ബദ്രി എന്നീ നാലിനം പയർവർഗങ്ങളാണ് കൃഷി ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് കൃഷിയുടെ ഓരോ ഘട്ടത്തിലും പങ്കാളിയാകാം. താൽപര്യമുള്ളവർക്ക് കൃഷിയിടം സന്ദർശിക്കാം. ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് ഒഴിവുദിവസങ്ങളിൽ ഇവിടെയെത്തി ജോലികളിൽ സഹായിക്കാം. കൊച്ചിയിലേയോ കോഴിക്കോട്ടേയോ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് വിഡിയോ കോൺഫറൻസിലൂടെ കൃഷിയിടവും കൃഷിരീതികളും ചെടിയുടെ വളർച്ചയും വളപ്രയോഗവുമെല്ലാം കാണാം. കൃഷിക്കാരുമായി സംവദിക്കാം.
വിഷുമുതൽ വീട്ടിലേക്ക് ആവശ്യമായ പയർ ഇപ്പോൾ www.kerala.shopping എന്ന ഓൺലൈൻ വഴി ഉപഭോക്താക്കൾക്ക് പണമടക്കാതെ തന്നെ ബുക്ക് ചെയ്യുകയും ചെയ്യാം. കേരള എഫ്.പി.ഒ കൺസോർട്ട്യത്തിെൻറ നേതൃത്വത്തിൽ കൽപറ്റ എൻ.എം.ഡി.സി. വിപണന കേന്ദ്രം വഴിയും കോഴിക്കോട് വേങ്ങേരി അഗ്രിക്കൾച്ചർ മൊത്തവ്യാപാര കേന്ദ്രം വഴിയും വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നത്. ഇവർക്ക് സാങ്കേതിക സഹായവും ഉപദേശവും നൽകുന്നതിന് കേരള കാർഷിക സർവകലാശാലയിൽനിന്ന് കമ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ.അലൻ തോമസിെൻറ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രണ്ടാഴ്ചക്കുള്ളിൽ തവിഞ്ഞാലിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.