വയനാട്ടിൽ വീണ്ടും മാവോവാദികളെത്തി
text_fieldsമാനന്തവാടി: വയനാട്ടിൽ വീണ്ടും മാവോവാദികളെത്തി. മക്കി മലയിലെ ജംഗിൾ വ്യൂ റിസോർട്ടിലാണ് ബുധനാഴ്ച രാത്രിയോടെ സംഘം എത്തിയത്. തുടർന്ന് റിസോർട്ടിലെ ജീവനക്കാരനിൽനിന്ന് ഫോൺ വാങ്ങിയശേഷം ഏതാനും മാധ്യമ പ്രവർത്തകരുടെ ഫോണുകളിലേക്ക് വാർത്താക്കുറിപ്പ് അയക്കുകയും ചെയ്തു. എട്ടുമണിയോടെയാണ് സംഘം റിസോർട്ടിലെത്തിയത്. കമ്പമലയിലെ പ്രശ്നങ്ങളാണ് രണ്ട് പേജുള്ള വാര്‍ത്താക്കുറിപ്പിലുള്ളത്. പൊലീസിനെയും ട്രേഡ് യൂനിയനെയും നിശിതമായി വിമർശിക്കുന്നതാണ് കുറിപ്പ്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികൾ ദുരിത ജീവതം നയിക്കുമ്പോഴും മാനേജ്മെന്റ് സൗകര്യങ്ങൾ വർധിപ്പിക്കാൻ ലക്ഷങ്ങൾ ചെലവഴിക്കുകയാണെന്ന് കുറിപ്പിൽ പറയുന്നു.
സി.പി.എം നേതാക്കളായ സി.കെ. ശശീന്ദ്രനെയും പി. ഗഗാറിനെയും പേരെടുത്ത് പറഞ്ഞ് കുറിപ്പിൽ വിമർശിക്കുന്നുണ്ട്. സി.ഐ.ടി.യുവും സംഘപരിവാര സംഘടനയും ചേർന്നാണ് ചില തൊഴിലാളികളെ ഭയപ്പെടുത്തി പണിമുടക്കിയതെന്നും ഭയം കൊണ്ടാണ് തൊഴിലാളികൾ സമരത്തിന് നിന്നുകൊടുത്തതെന്നും കുറിപ്പിൽ പറയുന്നുണ്ട്. പാടികളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത് തൊഴിലാളികളെ സൈനിക വലയത്തിലാക്കാനാണെന്നും പറയുന്നു. മാവോവാദി പോരാട്ടങ്ങളെ പിന്തുണക്കണമെന്ന അഭ്യർഥനയോടെയാണ് വാര്‍ത്താക്കുറിപ്പ് അവസാനിക്കുന്നത്. സി.പി.ഐ മാവോയിസ്റ്റ് കബനി ദളത്തിന്റെ പേരിലാണ് കുറിപ്പ്. കമ്പമലക്ക് അടുത്തുള്ള പ്രദേശമാണ് മക്കിമല. അഞ്ചുപേർ ഉണ്ടായിരുന്നതായി റിസോർട്ട് ജീവനക്കാർ പറയുന്നു. സംഘം ഭീഷണിപ്പെടുത്തിയില്ലെന്നും ഒന്നരമണിക്കൂറോളം റിസോർട്ടിൽ ചെലവഴിച്ച ശേഷം അരിയും മറ്റും ശേഖരിച്ചാണ് തിരിച്ചുപോയതെന്നും ഇവർ പറഞ്ഞു.
അഞ്ച് പൊലീസ് സ്റ്റേഷനുകളില്‍ സുരക്ഷ വർധിപ്പിച്ചു
മാനന്തവാടി: മാവോവാദി ആക്രമണമുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഭീതി നിലനില്‍ക്കുന്ന പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ വര്‍ധിപ്പിച്ചു. കമ്പമല വനം ഡിവിഷൻ ഓഫിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. തലപ്പുഴ, തിരുനെല്ലി, തൊണ്ടര്‍നാട്, വെള്ളമുണ്ട, പടിഞ്ഞാറത്തറ സ്റ്റേഷനുകളുടെ സുരക്ഷയാണ് വര്‍ധിപ്പിച്ചത്. നിലവിലുള്ള സുരക്ഷക്ക് പുറമേ സായുധരായ തണ്ടര്‍ ബോള്‍ട്ടും ഭീകരവിരുദ്ധ സേനയുടെയും സേവനമുണ്ടാകും.
കൂടാതെ സി.സി.ടി.വി കാമറകളുടെ എണ്ണം വര്‍ധിപ്പിക്കും. ജില്ലക്ക് പുറമേ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കുറ്റിയാടി മലയോര മേഖലയിലെ പൊലീസ് സ്റ്റേഷനുകളുടേയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കമ്പമലയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലിന് പുറമേ തണ്ടര്‍ബോള്‍ട്ട് സംഘങ്ങളുടെ തിരച്ചില്‍ തുടരുകയാണ്. ചൊവ്വാഴ്ച ഹെലികോപ്ടര്‍ ഉപയോഗിച്ചു മാവോവാദികള്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. ബുധനാഴ്ച ഹെലികോപ്ടർ സേവനം ഉപയോഗപ്പെടുത്തിയില്ല. മലയോര മേഖലയിലെ വലിയ കാപ്പി, തേയിലതോട്ടങ്ങള്‍ കേന്ദ്രീകരിച്ചും തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തി. വരും ദിവസങ്ങളിലും തിരച്ചില്‍ ഊര്‍ജിതമാക്കുമെന്നാണ് അറിയുന്നത്. കമ്പമലയിൽ ആക്രമണം നടത്തിയ മാവോവാദി സംഘം കണ്ണൂര്‍, കോഴിക്കോട് ജില്ലകളികളിലെ ആറളം, വിലങ്ങാട് വനമേഖലകളിലേക്ക് നീങ്ങിയതായാണ് പൊലീസ് നിഗമനം. നിരവിൽപുഴ, ബോയ്സ് ടൗൺ എന്നിവിടങ്ങളിൽ വാഹന പരിശോധനയും കർശനമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.