വയനാട്ടിൽ ടൂറിസം വികസനത്തിന് മാസ്റ്റർ പ്ലാന്‍; ഹെലികോപ്റ്റര്‍ കണക്റ്റിവിറ്റി സാധ്യത പരിശോധിക്കും
text_fieldsകൽപറ്റ: വയനാടിെൻറ ടൂറിസം വികസനത്തിന് സമഗ്രമായ മാസ്റ്റർ പ്ലാന്‍ തയാറാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വയനാടിനെ രാജ്യത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് ലക്ഷ്യം. അടുത്ത ഓണത്തിനു മുമ്പായി പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. ഇതിനായി ജനപ്രതിനിധികള്‍, ജില്ല ഭരണകൂടം, ടൂറിസം വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ യോജിച്ച പ്രവര്‍ത്തനം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിനായി പ്രത്യേക ടൂറിസം സര്‍ക്യൂട്ട് രൂപപ്പെടുത്തും. ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും വയനാട് ടൂറിസം മാപ്പിനു കീഴില്‍ കണക്റ്റിവിറ്റി ഉറപ്പാക്കും. തൊട്ടടുത്ത വിമാനത്താവളങ്ങളില്‍നിന്ന് വയനാട്ടിലേക്ക് ഹെലികോപ്റ്റര്‍ കണക്റ്റിവിറ്റി സാധ്യത പരിശോധിക്കും.
കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ വയനാടിെൻറ ടൂറിസം സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിന് പ്രത്യേക ഹെല്‍പ്പ് ഡെസ്ക്കുകള്‍ സ്ഥാപിക്കുന്ന കാര്യവും ആലോചിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വകുപ്പുകളുമായും ബന്ധപ്പെട്ട റോഡുകള്‍ മാസ്റ്റര്‍ പ്ലാനിെൻറ ഭാഗമായി മെച്ചപ്പെട്ട രീതിയില്‍ കോര്‍ത്തിണക്കും. ജില്ലയുമായി ബന്ധപ്പെടുത്തുന്ന എല്ലാ ചുരം റോഡുകളും നല്ലനിലയില്‍ ഗതാഗതയോഗ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ചുരുങ്ങിയത് ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും ഉണ്ടായിരിക്കണമെന്ന സര്‍ക്കാര്‍ നയത്തിെൻറ ഭാഗമായി ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളും പദ്ധതി നിര്‍ദേശങ്ങളുമായി മുന്നോട്ടുവന്നിട്ടുണ്ട്.
മൂന്ന് പഞ്ചായത്തുകളുടെ പദ്ധതി വിശദാംശങ്ങള്‍ കൂടി മാത്രമേ ലഭിക്കാന്‍ ബാക്കിയുള്ളൂ. ഗ്രാമീണ ടൂറിസം പദ്ധതികള്‍ മികവുറ്റതാക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണ്.
ഇതിലൂടെ ഗ്രാമീണ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താനും ജോലി സാധ്യതകള്‍ വര്‍ധിപ്പിക്കാനും സാധിക്കും. ഉത്തരവാദിത്ത ടൂറിസത്തിന് കൂടുതല്‍ സാധ്യതയുള്ള ജില്ലയാണ് വയനാട്. ഈ മേഖലയിലെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പനവല്ലി സര്‍വാണി ടൂറിസം പദ്ധതി വിദഗ്ധ സമിതി പരിശോധിക്കും
മാനന്തവാടി: തിരുനെല്ലി ഗ്രാമപഞ്ചായത്ത് പനവല്ലി സര്‍വാണിയിലെ നരിനിരങ്ങി തടാകം ടൂറിസം പദ്ധതിയുടെ സാധ്യത ടൂറിസം വകുപ്പിെൻറ വിദഗ്ധ സംഘം പരിശോധിക്കും. തൊട്ടടുടുത്ത ദിവസംതന്നെ പദ്ധതി പ്രദേശത്തെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ടൂറിസം ഡയറക്ടര്‍ക്ക് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍ദേശം നല്കി.
പനവല്ലിയിലെ പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് പരിശോധന നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെയും അതിപുരാതന ക്ഷേത്രമായ തിരുനെല്ലി അമ്പലത്തിെൻറയും സാമീപ്യം കേന്ദ്രത്തിന് മുതല്‍ക്കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു.
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് പനവല്ലി സര്വാണിയിലാണ് ഗ്രാമപഞ്ചായത്ത് ടൂറിസം പദ്ധതി തുടങ്ങുന്നതിനായി സ്ഥലം കണ്ടെത്തിയത്. പ്രകൃതി മനോഹരമായ ഭൂപ്രദേശങ്ങള്‍ അതിരിടുന്ന ഈ ഭാഗത്ത് പഞ്ചായത്തിന് ഏഴ് ഏക്കറോളം സ്ഥലമുണ്ട്.
ഈ സ്ഥലത്തിെൻറ വിവിധ ഭാഗങ്ങളിലൂടെ ഒഴുകുന്ന കാളിന്ദി പുഴയില്‍ ഏകദേശം അഞ്ചു മീറ്റര്‍ പൊക്കത്തില്‍ തടയണ നിര്‍മിച്ച് ഒരു തടാകം സൃഷ്ടിച്ചുള്ള ടൂറിസം പദ്ധതിയാണ് തിരുനെല്ലി ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്യുന്നത്. ബോട്ട് സര്‍വിസും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതോടൊപ്പം നരിനിരങ്ങി മലയില്‍ ഏകദേശം രണ്ടു കിലേമീറ്റര്‍ ദൂരം റോപ് വേയും പദ്ധതിയിലുണ്ട്.
തടയണയുടെ താഴെ ഭാഗത്തുള്ള സ്ഥലങ്ങളില്‍ സ്വിമ്മിങ് പൂള്, പാര്‍ക്ക്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, പൂന്തോട്ടമടക്കമുള്ള പദ്ധതികളും ഉണ്ടാകും. ഏകദേശം പതിനാറേക്കറോളം സ്ഥലം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും മറ്റുമായി പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരും. ഇതിനായി 150 കോടി രൂപയുടെ എസറ്റിമേറ്റ് പഞ്ചായത്ത് തയാറാക്കി. ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിെൻറ സഹായത്തോടുകൂടി പദ്ധതി യാഥാര്ഥ്യമാക്കിത്തരണമെന്ന് തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഭരണസമിതി മന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു.
പദ്ധതി പ്രദേശത്തേക്ക് തിരുനെല്ലി അമ്പലത്തില്‍ നിന്നും കര്‍ണാടക കുടക് ജില്ലയില്‍നിന്നും വരുന്ന സഞ്ചാരികളെ സങ്കേതവുമായി ബന്ധിപ്പിക്കുന്നതിന് പുതിയ റോഡ് വരും. മാറ്റി പാര്‍പ്പിക്കേണ്ടിവരുന്ന പ്രദേശവാസികള്‍ക്ക് വിനോദ കേന്ദ്രത്തില്‍ തൊഴില്‍ നല്‍കാനും സാധിക്കും. ഒ.ആര്. കേളു എം.എല്‍.എ, ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി. ബാലകൃഷ്ണന്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി. പ്രഭാത്, ഡി.ടി.പി.സി സെക്രട്ടറി വി. മുഹമ്മദ് സലീം, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.