മെഡിക്കൽ കോളജോ, ജില്ല ആശുപത്രിയോ?
text_fieldsസംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളജ് ഇല്ലാത്ത വയനാടിന് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കോളജ് അനുവദിച്ചെങ്കിലും ഇപ്പോഴും ആശയക്കുഴപ്പം തുടരുന്നു. 2021 ഫെബ്രുവരി 10നാണ് മാനന്തവാടി ജില്ല ആശുപത്രിയെ തൽക്കാലം മെഡിക്കൽ കോളജായി ഉയർത്തി സർക്കാർ പ്രഖ്യാപനം വന്നത്. തൊട്ടുപിന്നാലേ പ്രിൻസിപ്പൽ അടക്കം 43 തസ്തികകൾ സൃഷ്ടിച്ചു. തുടർപ്രവർത്തനങ്ങൾ ഇല്ലാതായതോടെ ജില്ല ആശുപത്രിയാണോ മെഡിക്കൽ കോളജാണോ എന്നതിൽ ജീവനക്കാർക്കും രോഗികൾക്കും നാട്ടുകാർക്കും ഒരുപോലെ സംശയം ബാക്കി നിൽക്കുകയാണ്. ഇത് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെയും ബാധിച്ചു തുടങ്ങി.
അടിയന്തര ആവശ്യങ്ങൾ >>>
• ജില്ല ആശുപത്രി കോളജായി ഉയർത്തുേമ്പാഴുള്ള
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കൽ
• മെഡിക്കൽ കോളജിന് ആവശ്യമായ സ്ഥലം
• കെട്ടിട സൗകര്യങ്ങൾ, ഉപകരണങ്ങൾ ലഭ്യമാക്കൽ
• അധ്യാപകരുടെയടക്കം തസ്തികകൾ സൃഷ്ടിക്കൽ
• വിദ്യാർഥികൾക്ക് പഠന, കെട്ടിട സൗകര്യങ്ങൾ
• ജീവനക്കാർക്കും വിദ്യാർഥികൾക്കും ഹോസ്റ്റൽ
ആശുപത്രി മാനേജിങ് കമ്മിറ്റിക്ക് (എച്ച്.എം.സി) കീഴിൽ നൂറിലേറേ ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ശമ്പളം മാത്രമാണ് ജില്ല പഞ്ചായത്ത് നൽകുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറും ആശുപത്രി സൂപ്രണ്ടും ചേർന്ന ജോയൻറ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ നിയമതടസ്സമുണ്ടായതോടെ നിരവധി ഫയലുകളാണ് ഫണ്ടിെൻറ പേരിൽ ചുവപ്പുനാടയിലായത്.
പുതിയ ജില്ല പഞ്ചായത്ത് ഭരണസമിതി നിലവിൽ വന്നിട്ട് എച്ച്.എം.സി പുനഃസംഘടിപ്പിക്കാനാകാത്തതും പ്രതിസന്ധി ഇരട്ടിയാക്കി. അതിനിടെ മെഡിക്കൽ കോളജിൽ നിയമിതനായ പ്രിൻസിപ്പൽ തിങ്കളാഴ്ച സർവിസിൽ നിന്നും വിരമിക്കുകയും ചെയ്തു.
ജില്ലയിലെ അലോപ്പതി
ആശുപത്രികൾ
മെഡിക്കൽ കോളജ് 2
(ഒന്ന് സ്വകാര്യമേഖല) താലൂക്ക് ആശുപത്രി 2
സാമൂഹികാരോഗ്യ കേന്ദ്രം 7
ജനറൽ ആശുപത്രി 1
പ്രാഥമികാരോഗ്യ കേന്ദ്രം 23
സബ് സെൻററുകൾ 204 സ്വകാര്യ ആശുപത്രികൾ 25
ഗുരുതര രോഗങ്ങളുള്ളവരും വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവരുമെല്ലാം കോഴിക്കോട് മെഡിക്കൽ കോളജിനെയും അവിടുത്തെ സ്വകാര്യ ആശുപത്രികളേയും ആശ്രയിക്കേണ്ടിവരുന്ന ഗതികേടിലാണ് വയനാടൻ ജനത. ഗുരുതരാവസ്ഥയിലുള്ളവർക്ക് സമയത്തിന് ചികിത്സ കിട്ടാതെ ജീവൻപൊലിയുന്നത്, എല്ലാ സൗകര്യമുള്ള മെഡിക്കൽ കോളജ് ആശുപത്രി യാഥാർഥ്യമായാൽ മാത്രമെ അവസാനിക്കൂ. മാനന്തവാടി ഗവ. മെഡിക്കൽ കോളജിൽനിന്ന് താലൂക്ക് ആശുപത്രിയിലേക്ക് രോഗിയെ റഫർ ചെയ്തുവെന്ന വാർത്തകൾ മെഡിക്കൽ കോളജിെൻറ നിലവിലെ അവസ്ഥ വ്യക്തമാക്കുന്നതാണ്. പൂർണ സജ്ജമായ മെഡിക്കൽ കോളജും ആശുപത്രിയുമാണ് വയനാട്ടുകാർ ആഗ്രഹിക്കുന്നത്.
ചരിത്രം
1923ൽ ബ്രിട്ടീഷ് ഭരണകാലത്താണ് വീരപഴശ്ശിരാജാവ് അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലത്തോട് ചേർന്ന് മാനന്തവാടി താലൂക്ക് ആശുപത്രി ആരംഭിച്ചത്. 1957ൽ 274 കിടക്കകളോടെ ആശുപത്രിയിൽ കിടത്തിച്ചികിത്സ തുടങ്ങി.1980ൽ ജില്ല രൂപവത്കരണത്തോടെ ജില്ല ആശുപത്രിയായി ഉയർത്തപ്പെട്ടു. 2012 ൽ അഞ്ഞൂറ് കിടക്കകളായി ഉയർത്തി പ്രഖ്യാപനം വന്നെങ്കിലും രോഗികൾക്ക് ഗുണം ലഭിച്ചില്ല. ഒമ്പതരയേക്കർ സ്ഥലമുള്ള ആശുപത്രിയിൽ അത്യാധുനിക കണ്ണ് ചികിത്സാ കേന്ദ്രം, ശസ്ത്രക്രിയ വിഭാഗം, ട്രോമ കെയർ യൂനിറ്റ്, അത്യാധുനിക സംവിധാനത്തോടെയുള്ള ഗൈനക്കോളജി, പിഡിയാട്രിക്സ് വിഭാഗങ്ങളും ലാബുകളും പ്രവർത്തിച്ചുവരുന്നു. വയനാടിന് പുറമെ കർണാടകയിലെ കുട്ട, ശ്രീമംഗല, ബൈരകുപ്പ, ബെള്ള, കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, കേളകം, കോഴിക്കോട് ജില്ലയിലെ തൊട്ടിൽപാലം എന്നിവിടങ്ങളിൽ നിന്നുള്ള രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ദിനംപ്രതി ആയിരത്തി അഞ്ഞൂറിലധികം ഒ.പി. രോഗികളും നാനൂറിലേറേ ഐ.പി രോഗികളും ഇവിടെ എത്തുന്നു. മലബാർ മേഖലയിൽ ദിനംപ്രതി ഏറ്റവും അധികം പ്രസവം നടക്കുന്ന ആശുപത്രി കൂടിയാണിത്.
ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കും –സൂപ്രണ്ട്
ജില്ല ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തിയെങ്കിലും തുടർ നടപടികൾ ഉണ്ടാകാത്തതും വ്യക്തത വരാത്തതും ജില്ല ആശുപത്രിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചേക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ദിനേശ്കുമാർ പറഞ്ഞു. മൂന്നരമാസമായി സൂപ്രണ്ടിെൻറ പേരിലുള്ള അക്കൗണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് ദൈനംദിന പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ഇത് എത്രകാലം തുടരാൻ കഴിയുമെന്ന് പറയാനാകില്ലെന്നും ഇതു സംബന്ധിച്ച് പ്രശ്നങ്ങൾ ജില്ല കലക്ടറുടെയും ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും ശ്രദ്ധയിൽപെടുത്തിയതായും സൂപ്രണ്ട് പറഞ്ഞു.
അധ്യയനം തുടങ്ങാൻ നടപടി ആരംഭിച്ചു –സീനിയർ സൂപ്രണ്ട്
പുതുതായി അനുവദിച്ച വയനാട് മെഡിക്കൽ കോളജിൽ ഈ വർഷം തന്നെ എം.ബി.ബി.എസ് പഠനം ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചതായി മെഡിക്കൽ കോളജ് സീനിയർ സൂപ്രണ്ട് പറഞ്ഞു. സർവകലാശാല അംഗീകാരത്തിനുള്ള അപേക്ഷ സമർപ്പിച്ചു. ലഭിക്കുന്ന മുറക്ക് മെഡിക്കൽ കൗൺസിൽ അംഗീകാരത്തിനായി സമർപ്പിക്കും. അവ കൂടി ലഭിച്ചാൽ ക്ലാസ് തുടങ്ങുന്നതിന് തടസ്സമില്ല. എന്നാൽ, മെഡിക്കൽ എൻട്രൻസ് പരീക്ഷ നടക്കാത്തതിനാൽ ക്ലാസുകൾ തുടങ്ങുന്നത് വൈകിക്കും. പുതിയ പ്രിൻസിപ്പൽ നിയമനത്തിനുള്ള പ്രപ്പോസൽ സർക്കാറിലേക്ക് സമർപ്പിച്ചതായും സൂപ്രണ്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.