കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്ന സംഭവം; ഒളിവിലായിരുന്ന ഒരാൾ കൂടി പിടിയിൽ
text_fieldsമീനങ്ങാടി: കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കണ്ണൂര്‍ പാതിരിയാട് നവജിത്ത് നിവാസില്‍ കെ. നവജിത്ത് (30) നെയാണ് മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.ജെ. കുര്യാക്കോസിന്റ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ണൂര്‍ പടുവിലായിയിൽ വെച്ച് പിടികൂടിയത്.
ഇയാളുടെ കൂടെയുണ്ടായിരുന്ന കണ്ണൂര്‍ ജില്ലയില്‍ കാപ്പ ചുമത്തിയ കുറ്റവാളിയായ തലശ്ശേരി വേങ്ങാട് പടിഞ്ഞാറെ വീട്ടില്‍ സായൂജ്(31) നെയും കസ്റ്റഡിയിലെടുത്തു. പിന്നീട്, കൂത്തുപറമ്പ് പൊലീസിന് കൈമാറി. ഇതോടെ പണം കവര്‍ന്ന കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഒമ്പത് പേരെ സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയിരുന്നു. കഴിഞ്ഞ ഡിസംബർ ഏഴിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.
എകരൂര് സ്വദേശി മക്ബൂലും ഈങ്ങാമ്പുഴ സ്വദേശി നാസറും സഞ്ചരിച്ച കാര്‍ മീനങ്ങാടിയില്‍വെച്ച് മൂന്നു കാറുകളിലായെത്തിയ സംഘം തടഞ്ഞുനിര്‍ത്തി 20 ലക്ഷം രൂപ കവരുകയായിരുന്നു. കര്‍ണാടക ചാമരാജ് നഗറില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുംവഴിയാണ് കവര്‍ച്ച നടന്നത്. ചെറുകുന്ന്, അരമ്പന്‍ വീട്ടില്‍ കുട്ടപ്പന് എന്ന ജിജില്‍ (35), പരിയാരം, എടച്ചേരി വീട്ടില്‍, ആര്. അനില്‍കുമാര്‍ (33), പടുനിലം ജിഷ്ണു നിവാസിൽ പി.കെ. ജിതിന് (25), കൂടാളി കവിണിശ്ശേരി വീട്ടില്‍ കെ. അമല്‍ ഭാര്ഗവന് (26), പരിയാരം എടച്ചേരി വീട്ടില്‍ ആര്. അജിത്ത്കുമാര്‍ (33), കണ്ടംകുന്ന് പുത്തലത്ത് വീട്ടില്‍ ആര്. അഖിലേഷ് (21) കണ്ണൂര്‍ കടമ്പേരി വളപ്പന്‍ വീട്ടില്‍ സി.പി. ഉണ്ണികൃഷ്ണന് (21), പടുവിലായി കുണ്ടത്തില്‍ വീട്ടില്‍ കെ.പി. പ്രഭുല്‍ (29), പടുവിലായി ചിരുകണ്ടത്തില്‍ വീട്ടില്‍ പി.വി. പ്രിയേഷ് (31) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.
എ.എസ്.ഐമാരായ മാത്യു, ബിജു വര്‍ഗീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ചന്ദ്രന്, സുമേഷ്, സി.പി.ഒമാരായ എഡ്മണ്ട് ജോര്‍ജ് ക്ലിന്റ്, ഭരതന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.