‘ജാത്തിരെ’ കാലാവസ്ഥ ഉച്ചകോടി തുടങ്ങി
text_fieldsമീനങ്ങാടി: വർധിച്ചുവരുന്ന വന്യമൃഗ ശല്യത്തെ അഭിമുഖീകരിക്കാൻ കൃഷി വകുപ്പും ആവശ്യമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി പി. പ്രസാദ്. വനമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന കർഷകരെ സഹായിക്കാൻ സാധ്യമായ എല്ലാ കാര്യങ്ങളും വനം വകുപ്പുമായി സഹകരിച്ച് ചെയ്യും.
കേരളത്തിൽ ആദ്യമായാണ് കൃഷിവകുപ്പ് ഇത്തരമൊരു പ്രവർത്തനത്തിൽ ഏർപ്പെടുന്നത്. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ജാത്തിരെ’ കാലാവസ്ഥ ഉച്ചകോടിയും ജൈവവൈവിധ്യ കാർഷിക പ്രദർശന വിപണന മേളയും ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജില്ലയിലെ കാലാവസ്ഥ വ്യതിയാനം, പ്രതിരോധ പ്രവർത്തനങ്ങൾ, കാർഷിക ജൈവവൈവിധ്യ പ്രാധാന്യം, ബി.എം.സികളുടെ പ്രവർത്തനം, കർഷക കൂട്ടായ്മ രൂപവത്കരണം എന്നീ ലക്ഷ്യങ്ങളോടെയാണ് ജില്ലയിലെ ആദ്യത്തെ ഉച്ചകോടി നടക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, കാർഷിക കൂട്ടായ്മകൾ, രാഷ്ട്രീയ പ്രതിനിധികൾ, കർഷക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് മേള നടക്കുന്നത്. മൂന്നു ദിവസം നീളുന്ന ഉച്ചകോടിയിൽ കേരളത്തിലെയും കേരളത്തിന് പുറത്തുള്ള കർഷകരുടെയും കാർഷിക ഉൽപന്നങ്ങളുടെ പ്രദർശനവും കർഷകർക്ക് ആവശ്യമായ വിത്തുകളും തൈകളുടെ വിൽപനയുമുണ്ട്.
പത്മശ്രീ ചെറുവയൽ രാമനെയും ജില്ലയിലെ യുവകർഷകരെയും ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. ബിന്ദു, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കെ.ഇ. വിനയൻ, ടി.കെ. അഫ്സത്ത്, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. മുഹമ്മദ് ബഷീർ, സീത വിജയൻ, ജുനൈദ് കൈപ്പാണി, ജില്ല പഞ്ചായത്ത് അംഗം സുരേഷ് താളൂർ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. വാസുദേവൻ, ബേബി വർഗീസ്, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് മാനേജർ ലിസിയാമ്മ സാമുവൽ, നബാർഡ് ഡി.ജി.എം വി. ജിഷ, ജില്ല പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി കൺവീനർ ടി.സി. ജോസഫ് എന്നിവർ സംസാരിച്ചു. ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ജീവനക്കാർ, കർഷകർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.