മീനങ്ങാടി കൈവിട്ട ഞെട്ടലിൽ ഇടതുപക്ഷം
text_fieldsസുൽത്താൻ ബത്തേരി: മീനങ്ങാടിയിൽ 15 വർഷത്തെ ഭരണം നഷ്ടമായതിെൻറ ഞെട്ടൽ മാറാതെ ഇടതുപക്ഷം. ഒരു സീറ്റിനാണ് ഭരണം നഷ്ടമായതെങ്കിലും പാർട്ടി ഗൗവരത്തോടെയാണ് കാണുന്നത്. അപ്രതീക്ഷിത തോൽവിയുടെ കാരണങ്ങൾ തേടുകയാണ് നേതൃത്വം.
പതിവിൽനിന്ന് വിഭിന്നമായി ഒത്തൊരുമയോടെ നീങ്ങിയതാണ് ഇത്തവണ യു.ഡി.എഫിന് വിജയം സമ്മാനിച്ചത്. ചരിത്രത്തിൽ ഒരിക്കൽ പോലും യു.ഡി.എഫ് സ്ഥാനാർഥി വിജയിക്കാത്ത ഒന്നാംവാർഡായ ചൂതുപാറയിൽ ടി.എസ്. ജനീവ് എന്ന യു.ഡി.എഫ് സ്വതന്ത്രൻ 97 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചു കയറിയത്.
ഇടതു കോട്ടയിൽ സി.പി.എം പ്രവർത്തകരും യു.ഡി.എഫിന് വോട്ടുചെയ്തുവെന്ന് വ്യക്തം. ചൂതുപാറയോട് ചേർന്നുകിടക്കുന്ന വാർഡാണ് മണിവയൽ. ഇവിടെയും എൽ.ഡി.എഫ് സ്ഥാനാർഥികൾ ജയിക്കുന്നതാണ് പതിവ്. യു.ഡി.എഫിലെ ശാന്തി സുനിൽ 62 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ ഇടതു കേന്ദ്രങ്ങളും അമ്പരപ്പിലായി. ആവയൽ, കൊളഗപ്പാറ, പന്നിമുണ്ട, കാപ്പിക്കുന്ന് എന്നിവയും എൽ.ഡി.എഫിന് ഭൂരിപക്ഷമുള്ള പ്രദേശങ്ങളായിരുന്നു.
എൽ.ഡി.എഫ് തുടർച്ചയായി ഭരിക്കുമ്പോഴും പ്രതിപക്ഷമെന്ന നിലയിൽ മീനങ്ങാടിയിൽ യു.ഡി.എഫ് നിശ്ശബ്്ദമായിരുന്നു. പ്രശ്നങ്ങൾ കണ്ടെത്തി ഭരണസമിതിക്കെതിരെ സമരത്തിന് യു.ഡി.എഫ് നേതാക്കൾ താൽപര്യം കാണിച്ചില്ല.
പഞ്ചായത്ത് ബസ് സ്റ്റാൻഡിനോടനുബന്ധിച്ചുള്ള അട്ടക്കൊല്ലി ചിറയിൽ ഇടക്കിടെ ലക്ഷങ്ങൾ മുടക്കിയുള്ള മോടിപിടിപ്പിക്കലിനെതിരെ യു.ഡി.എഫ് നേതാക്കൾ പ്രസ്താവനകൾ ഇറക്കുമായിരുന്നുവെങ്കിലും സമരത്തിനൊന്നും തുനിഞ്ഞില്ല. ഐക്യമില്ലായ്മയായിരുന്നു കാരണം.
പ്രതികരിക്കാത്ത പാർട്ടിയിൽനിന്ന് അണികൾ കൊഴിഞ്ഞുപോകുന്ന പ്രവണതയും ഉണ്ടായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് വന്നതോടെ യുവ നേതാവ് കെ.ഇ. വിനയെൻറ നേതൃത്വത്തിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി. 15 വർഷം മുമ്പ് നഷ്ടപ്പെട്ട ഭരണം പിടിക്കുകയും ചെയ്തു. അഭിപ്രായ ഐക്യത്തോടെ യുവാക്കളെയും പരിചയസമ്പന്നരെയും ഇറക്കിയുള്ള ഒരു തെരഞ്ഞെടുപ്പിനെ യു.ഡി.എഫ് നേരിടുന്നത് ഇത്തവണയാണെന്ന് പറയാം.
ഒടുവിൽ ഫലവും കിട്ടി. യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയെങ്കിലും എൽ.ഡി.എഫിന് ഒരു ക്ഷീണവും ഉണ്ടായിട്ടില്ലെന്ന് മീനങ്ങാടിയിൽ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുക്കാൻ പിടിച്ച സി.പി.എം നേതാവ് പി.ടി. ഉലഹന്നാൻ പറഞ്ഞു. ഒന്നാം വാർഡായ ചൂതുപാറയിൽ സി.പി.എം സ്ഥാനാർഥിക്ക് വോട്ടു കുറയാൻ കാരണം വോളി മത്സരവുമായി ബന്ധപ്പെട്ട ചില തർക്കങ്ങളാണ്.
ഇതേ വാർഡിൽ എൽ.ഡി.എഫിെൻറ ബ്ലോക്ക്, ജില്ല പഞ്ചായത്ത് സ്ഥാനാർഥികൾക്ക് നല്ല വോട്ടുകിട്ടിയിട്ടുണ്ട്. യു.ഡി.എഫ് കേന്ദ്രമായ ചീരാംകുന്ന് വാർഡ് പിടിച്ചെടുക്കാനാണ് സി.പി.എം നേതാവിനെത്തന്നെ ഇത്തവണ പരീക്ഷിച്ചത്. കാക്കവയലിൽ യു.ഡി.എഫിന് വലിയ ഭൂരിപക്ഷം കിട്ടിയത് സാമുദായിക വോട്ടുകളുടെ സ്വാധീനമാണ്. തോൽവി സംബന്ധിച്ച് സംഘടന തലത്തിലെ വീഴ്ചകൾ പരിശോധിച്ചുവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.