തട്ടിയെടുത്ത കാറുമായി ചുരം കയറി; വയനാട്ടിലെത്തി വീണ്ടും കാർ മോഷ്ടിച്ചയാൾ പിടിയിൽ
text_fieldsമീനങ്ങാടി: കോഴിക്കോട്, വാര്യാട് എന്നിവിടങ്ങളിലെ ഷോറൂമുകളിൽനിന്ന് കാറുകൾ മോഷ്ടിച്ച ബംഗളൂരു സ്വദേശി പിടിയിൽ. നാട്ടുകാരും പൊലീസും ചേർന്ന് സാഹസികമായാണ് മോഷ്ടാവ് നസീറിനെ കീഴ്പ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഷോറൂമിൽനിന്ന് വിലകൂടിയ കാർ മോഷ്ടിച്ചാണ് യുവാവ് കൽപറ്റയിലെത്തുന്നത്. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ജി.പി.എസ് വഴിയാണ് കാർ വയനാട്ടിൽ എത്തിയതായി ഷോറൂം അധികൃതർക്ക് വിവരം ലഭിച്ചത്.
ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേന ഷോറൂമിൽനിന്നെടുത്ത കാറുമായി കടന്നുകളയുകയായിരുന്നു. പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് കൽപറ്റ പിണങ്ങോട് റോഡിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
വാഹനം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.
ഇദ്ദേഹം തന്നെയാണ് ചൊവ്വാഴ്ച വാര്യാട് അമാന ടൊയോട്ടയിൽ നിന്ന് കാർ മോഷ്ടിച്ചതും. സർവിസിനുശേഷം ഷോറൂമിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഇന്നോവ ക്രിസ്റ്റ കാറുമായി യുവാവ് കടന്നുകളയുകയായിരുന്നു. ഉച്ച 12.45ഓടെയാണ് സംഭവം.
മീനങ്ങാടി ഭാഗത്തേക്കാണ് പോയത്. ജീവനക്കാർ അറിയിച്ചതനുസരിച്ച് മീനങ്ങാടി പൊലീസ് ടൗണിൽ തടസ്സമുണ്ടാക്കിയെങ്കിലും അതിനുമുമ്പേ കാർ കടന്നുപോയി.
കൃഷ്ണഗിരിയിൽ നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും അതിവേഗം രക്ഷപ്പെട്ടു. കൊളഗപ്പാറയിൽ നിന്ന് സുൽത്താൻ ബത്തേരിക്കുള്ള റോഡിൽ തടസ്സമുണ്ടായതോടെ അമ്പലവയൽ ഭാഗത്തേക്ക് നീങ്ങി.
വടുവഞ്ചാലിൽനിന്ന് നാട്ടുകാരാണ് കാർ തടഞ്ഞ് മോഷ്ടാവിനെ കീഴ്പ്പെടുത്തിയത്. സാഹസിക ഓട്ടത്തിൽ കാറിെൻറ പലഭാഗത്തും കേടുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.