ഓക്സിജൻ പാർക്കുമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്
text_fieldsമീനങ്ങാടി: മനുഷ്യനിർമിത ഹരിതശ്വാസകോശം എന്നറിയപ്പെടുന്ന ഓക്സിജന്‍ പാർക്ക് നിർമാണത്തിന് മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഒരു മുളക്കൂട്ടം പൂർണവളർച്ചയെത്തുന്നതോടുകൂടി വർഷത്തിൽ 300 കിലോ ഓക്സിജൻ ഉൽപാദിപ്പിക്കുകയും 80 ടൺ കാർബൺഡയോക്സൈഡ് സാംശീകരിക്കുകയും ചെയ്യുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകത്ത് ഓക്സിജൻ പാർക്കെന്ന ആശയം രൂപപ്പെടുന്നത്. കാക്കവയൽ വാർഡിലെ പുഴങ്കുനി ആരോഗ്യ ഉപ കേന്ദ്രത്തിന് സമീപം 12 ഇനങ്ങളില്‍പ്പെട്ട 144 മുളത്തൈകൾ നട്ടുപിടിപ്പിച്ചാണ് പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
മറ്റു മരങ്ങളോട് താരതമ്യം ചെയ്യുമ്പോൾ 35 ശതമാനത്തിലധികം ആഗിരണശേഷിയുണ്ട് മുളകൾക്ക്. പൂർണ വളർച്ചയെത്തുന്നതോടെ 43,200 കിലോ ഓക്സിജൻ ഉൽപാദിപ്പിക്കാനും 11,520 ടൺ കാർബൺഡയോക്സൈഡ് സ്വാംശീകരിക്കാനും പുഴങ്കുനിയിലെ ഓക്സിജന്‍ പാര്ക്കിന് കഴിയും. കാടുപിടിച്ച് മാലിന്യങ്ങള്‍ നിക്ഷേപിച്ച് കിടന്നിരുന്ന പ്രദേശം തട്ടുതിരിച്ച് നടപ്പാതകള്‍ ഒരുക്കിയതിന്റെ ഇരുവശങ്ങളിലുമായാണ് തൈകള്‍ നട്ടത്. ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഏറ്റെടുത്ത പ്രവൃത്തി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി കൃഷിഭവൻ മുഖേനയാണ് നടപിലാക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. നുസ്രത്ത് അധ്യക്ഷത വഹിച്ചു. ബേബി വർഗീസ്, ശാന്തി സുനിൽ, ശാരദാമണി, കൃഷി ഓഫിസർ ജ്യോതി സി. ജോർജ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ ബി.എ. ശ്രീലത, എൻജിനീയർ എന്‍.വി. അനീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.