പത്ത് പെൺപെരുമയുടെ എഴുത്തുമായി നിരഞ്ജൻ
text_fieldsമീനങ്ങാടി: നമ്മളിൽ പലരും കോവിഡ് കാലത്ത് ദിവസങ്ങൾ വിരസമായി തള്ളിനീക്കിയപ്പോൾ വയനാട് സ്വദേശി നിരഞ്ജനെന്ന വിദ്യാർഥി അത് തന്റെ സർഗാത്മകതയിലേക്കുള്ള വാതായനമാക്കി. തുടർന്നങ്ങോട്ട് ലോക ചരിത്രത്തിൽ നിർണായക ഇടപെടലുകൾ നടത്തിയ പത്ത് പെൺകുട്ടികളുടെ ചരിത്രം തേടി എഴുത്തിലൂടെയുള്ള യാത്രയായിരുന്നു. ഡയറിക്കുറിപ്പിലൂടെ യുദ്ധത്തിനെതിരെ പ്രതികരിച്ച ജർമനിയിലെ ആൻ ഫ്രാങ്ക്, റഷ്യയിലെ താന്യ സവിച്ചേവ, യൂഗോസ്ലാവിയയിലെ സ്ലാട്ട, വിദ്യാഭ്യാസത്തിനായുള്ള പെൺപോരാട്ടത്തിന്റെ പ്രതീകം പാക്കിസ്താനിലെ മലാല യൂസഫ്സായി, പരിസ്ഥിതി പോരാളികളായ സ്വീഡനിലെ ഗ്രേറ്റതുൻബർഗ്, മെക്സിക്കയിലെ സിയ ബാസ്ടിഡ, പ്രതിസന്ധികളെ മനക്കരുത്ത് കൊണ്ട് നേരിട്ട ഉഗാണ്ടയിലെ ഫിയേണ മുടേസി, ഇന്ത്യയുടെ മലാവത്ത് പൂർണ, ഫ്രാൻസിലെ നജത്ത് വല്ലൗഡ് ബെൽ കാസെം, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ജ്വലിക്കുന്ന ഓർമയായ കനകലതബറുവ എന്നീ ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ പെൺകുട്ടികളെയാണ് നിരഞ്ജൻ കെ. മനോജ് തന്റെ എഴുത്തിലൂടെ പിന്തുടർന്ന് പുസ്തകത്താളുകളിലെത്തിച്ചത്. ഈ പെൺകുട്ടികളുടെ ജീവിതം ‘പെൺപെരുമയുടെ നക്ഷത്ര വെളിച്ചങ്ങൾ’ എന്ന പേരിൽ പുസ്തകമാക്കി.
വടുവഞ്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.വി. മനോജിന്റെയും മീനങ്ങാടി ജി.എച്ച്.എസ്.എസ് പ്ലസ് ടു അധ്യാപിക ആശ രാജിന്റെയും മകനാണ്. കൽപറ്റ കേന്ദ്രീയവിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർഥിയാണ്. പെരുമ്പാവൂർ യെസ് പ്രസ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം ജൂൺ 18 ന് തിരുവനന്തപുരത്ത് ഡോ. ശശി തരൂർ എം.പിയാണ് പ്രകാശനം ചെയ്തത്.
ഡോ. വയല വാസുദേവൻ പിള്ള ഫൗണ്ടേഷനിലെ നിരഞ്ജന്റെ സുഹൃത്തുക്കളായ ഐശ്വര്യ, നിവേദിത, അളകനന്ദ, വേദിക സെബാൻ, ലക്ഷ്മീ തീർത്ഥ എന്നിവർ ചേർന്നാണ് പുസ്തകത്തിലെ പെൺകുട്ടികൾക്ക് വരകളിലൂടെ ജീവൻ നൽകിയത്. എഴുത്തിന് പുറമെ പ്രസംഗം, ക്വിസ്, അഭിനയം, കീബോർഡ് എന്നിവയിൽ നിരഞ്ജൻ ഇതിനോടകം കഴിവ് തെളിയിച്ചിട്ടുണ്ട്. നിത്യൻ, നിവേദിത എന്നിവർ നിരഞ്ജന്റെ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.