എന്താ, മീനങ്ങാടിക്കാർക്കും വേണ്ടേ നല്ല മാർക്കറ്റ്!
text_fieldsമീനങ്ങാടി: ഒരു കാലത്ത് മീനങ്ങാടിയുടെ പ്രതാപമായിരുന്ന മാർക്കറ്റ് ഇന്ന് വളരെ ജീർണാവസ്ഥയിലാണ്. പൊളിച്ച് മാറ്റിയ കെട്ടിടങ്ങൾക്ക് സമീപത്തായി നിലനിർത്തിയ 20 ചെറിയ മുറികളാണ് നിലവിൽ മാർക്കറ്റിലുള്ളത്. ഒരു വിധത്തിലുമുള്ള അടിസ്ഥാന സൗകര്യങ്ങളും മാർക്കറ്റിലില്ല. മലിനജലവും മാലിന്യവും നിറഞ്ഞ അവസ്ഥയാണ്. മീൻ അവശിഷ്ടവും അറവ് മാലിന്യവും സംസ്കരിക്കാൻ പ്രയാസപ്പെടുകയാണ് വ്യാപാരികൾ.
മാർക്കറ്റ് കവാടത്തിലെ ഓവുചാലിനു മുകളിലെ ഇരുമ്പു കമ്പിപ്പാലം തകർന്നിട്ട് മാസങ്ങളായി. ആളുകൾക്ക് മഴയും വെയിലും കൊള്ളാതെ സാധനങ്ങൾ വാങ്ങുന്നതിനോ മാർക്കറ്റിൽ സൗകര്യങ്ങളില്ല.
സി. അസൈനാർ, ബീന വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ഭരണസമിതിയാണ് 10 വർഷങ്ങൾക്ക് മുമ്പ് പഴയ മാർക്കറ്റ് കെട്ടിടം പൊളിച്ചുനീക്കി കെട്ടിടം നിർമിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. താഴെ പാർക്കിങ്ങോടുകൂടിയ കെട്ടിടത്തിൽ ഹാൾ, തിയറ്റർ തുടങ്ങി വിപുല ബഹുനില കെട്ടിടമാണ് നിർമിക്കാൻ ഉദ്ദേശിച്ചത്.
എന്നാൽ, 2015 ജൂണ്‍ 30ന് അന്നത്തെ ജില്ല കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഇറക്കിയ ഉത്തരവിനെ തുടർന്ന് കെട്ടിടത്തിന്റെ മാസ്റ്റർ പ്ലാനിൽ ഒരു നില കുറച്ച് പുതിയ എസ്റ്റിമേറ്റും പ്ലാനും തയാറാക്കേണ്ടി വന്നു. അനിയന്ത്രിതമായ കൈയേറ്റങ്ങളും പരിസ്ഥിതിക്ക് ദോഷകരമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് രണ്ടു തവണ ചേർന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗങ്ങളിലുയര്ന്നുവന്ന നിര്‍ദേശ പ്രകാരം കലക്ടര്‍ അന്ന് ഉത്തരവിറക്കിയത്.
ഏഴു കോടിയുടെ എസ്റ്റിമേറ്റായിരുന്നു പദ്ധതിക്കായി തയാറാക്കിയത്. ഇതിനായി കുറച്ചു തുക വകയിരുത്തുകയും ചെയ്തു. എന്നാൽ, പിന്നീട് ആവശ്യമായ ഇടപെടലുണ്ടായില്ല. ഇതിനിടെ മാർക്കറ്റിന്റെ പ്രതിസന്ധികൾ പരിഹരിക്കാൻ 2016 സെപ്റ്റംബറിൽ പെര്‍ഫെക്ട് മാര്‍ക്കറ്റ് യൂനിയന്‍ എന്ന സംഘടനക്ക് വ്യാപാരികൾ രൂപം നൽകി. നിരന്തരം ആവശ്യങ്ങൾ ഉന്നയിച്ച് യൂനിയന്‍ പഞ്ചായത്തിൽ ബന്ധപ്പെട്ടെങ്കിലും ശാശ്വത പരിഹാരം ഉണ്ടായില്ല.
കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഭരണം മാറിയപ്പോൾ പ്രകടനപത്രികയിൽ പ്രഥമ പരിഗണന നൽകിയതിൽ ഒന്നായിരുന്നു മാർക്കറ്റ് നവീകരണം. പ്രവർത്തനവുമായി മുന്നോട്ട് പോയ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണ സമിതിക്ക് ഇപ്പോൾ സ്വകാര്യ വ്യക്തി നൽകിയ കേസാണ് മുമ്പിൽ തടസ്സമായി നിൽക്കുന്നത്. മാർക്കറ്റ് നിലനിന്ന സ്ഥലത്തെ സംബന്ധിച്ച ഉടമസ്ഥ തർക്കം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.
നിലവിൽ 10 ശതമാനം തുക പദ്ധതി വിഹിതമായി ലോണിലേക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമെ ഇടുങ്ങിയ മാർക്കറ്റ് റോഡിന് സമീപത്ത് അപകടാവസ്ഥയിലുള്ള കെട്ടിടവും ഭീഷണിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.