ജനത്തെ ഭീതിയിലാക്കി മൈലമ്പാടിയിൽ വീണ്ടും കടുവ
text_fieldsമീനങ്ങാടി: മൈലമ്പാടിയില് വീണ്ടും കടുവയെ കണ്ടതോടെ ആശങ്കയിൽ ജനം. മൈലമ്പാടിയിൽ കഴിഞ്ഞദിവസം കടുവ കൂട്ടിലായതിനു സമീപം കാപ്പിത്തോട്ടത്തിൽ കവാത്തിനെത്തിയ തൊഴിലാളികളാണ് വ്യാഴാഴ്ച മൂന്നരയോടെ കടുവയെ കണ്ടത്.
തോട്ടത്തിനുതാഴെ കൊല്ലി ഭാഗത്തുള്ള കുളത്തിൽനിന്ന് കടുവ വെള്ളം കുടിക്കുന്നതാണ് തൊഴിലാളികൾ കണ്ടത്. പിന്നീട് മുകളിലേക്ക് കയറിയ കടുവയുടെ ദൃശ്യങ്ങൾ തൊഴിലാളികൾ മൊബൈലിൽ പിടിച്ചു. സംഭവമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയുടെ ദൃശ്യങ്ങൾ തൊഴിലാളികൾ വനംവകുപ്പിന് കൈമാറി. രാത്രി പട്രോളിങ് ശക്തമാക്കാൻ വനംവകുപ്പ് തീരുമാനിച്ചു.
പുല്ലുമല, മൈലമ്പാടി, അപ്പാട് ഭാഗങ്ങളിലെ ജനവാസകേന്ദ്രങ്ങളിൽ കഴിഞ്ഞ 10 ദിവസത്തോളം ഇറങ്ങുകയും വളർത്തുമൃഗങ്ങളെ പിടികൂടുകയും ചെയ്ത കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ചൊവ്വാഴ്ച അകപ്പെട്ടിരുന്നു.
ഡബ്ല്യു.വൈ.എസ് 07 എന്ന ഏഴു വയസ്സുള്ള പെൺകടുവയാണ് കൂട്ടിൽ അകപ്പെട്ടത്. കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കൂടുവെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. തുടർന്നാണ് കൂട് സ്ഥാപിച്ചു കടുവയെ പിടികൂടിയത്. ഒരു കടുവയെ പിടികൂടി രണ്ടു ദിവസത്തിനുള്ളിൽ വീണ്ടും പ്രദേശത്ത് കടുവയെ കണ്ടത് ജനത്തെ ആശങ്കയിലാക്കി.
കർഷക പ്രതിരോധ സമിതി സത്യഗ്രഹം ഇന്നു മുതൽ
കൽപറ്റ: വന്യമൃഗങ്ങളിൽനിന്ന് മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, വനാതിർത്തിയിൽ മെറ്റൽ വലയോടുകൂടിയ റെയിൽ ഫെൻസിങ് സ്ഥാപിക്കുക, വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക, വന്യമൃഗ ആക്രമണം മൂലം മരിക്കുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു കോടി രൂപയും സ്ഥിരം സർക്കാർ ജോലിയും നൽകുക, വനത്തിൽ വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 15, 16 തീയതികളിൽ സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനു മുന്നിൽ ദ്വിദിന ജനകീയ സത്യഗ്രഹം നടക്കും.
ജില്ല കർഷക പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സത്യഗ്രഹം ശനിയാഴ്ച രാവിലെ 10ന് പ്രമുഖ എഴുത്തുകാരൻ ഒ.കെ. ജോണി ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിക്കും. അഡ്വ. അബ്ദുൽ റഹ്മാൻ കാദിരി, പ്രഫ. കുസുമം ജോസഫ്, ഡോ. വി. സത്യാനന്ദൻ നായർ, ഡോ. പി. ലക്ഷ്മണൻ, വിനയകുമാർ അരിപ്പുറത്ത്, പ്രേംരാജ് ചെറുകര, എ.സി. തോമസ്, കരുണാകരൻ വെള്ളക്കെട്ട്, എസ്. രാജീവൻ എന്നിവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.