ടാറിങ് കഴിഞ്ഞതിന് പിന്നാലെ പാതകൾ പൊളിക്കാനൊരുങ്ങി ജല അതോറിറ്റി
text_fieldsമേപ്പാടി: ടാറിങ് പൂർത്തീകരിക്കാൻ കാത്തുനിൽക്കുകയായിരുന്നു വാട്ടർ അതോറിറ്റി അധികൃതർ; റോഡ് പൊളിച്ച് പൈപ്പ് സ്ഥാപിക്കാൻ!. പാതിവഴിയിൽക്കിടക്കുന്ന കാരാപ്പുഴ കുടിവെള്ള പദ്ധതിയിൽ നിന്ന് വെള്ളം കൊണ്ടുപോകാൻ മേപ്പാടി നത്തംകുനി മുതൽ റോഡരികിൽ പൈപ്പുകൾ ഇറക്കിയിട്ടിരിക്കുകയാണ്.
റോഡ് പൊളിച്ച് പൈപ്പുകൾ സ്ഥാപിക്കാനാണ് അധികൃതരുടെ ശ്രമം. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ടാറിങ് പൂർത്തിയാകാൻ കാത്തുനിൽക്കുകയായിരുന്നു റോഡ് പൊളിക്കാനെന്നുതോന്നിപ്പിക്കും വിധമാണ് പൈപ്പുകൾ സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നത്.
മലയച്ചംകൊല്ലി-മഞ്ഞപ്പാറ, പള്ളിക്കവല-മലയച്ചംകൊല്ലി റോഡുകൾ പൊളിച്ച് പൈപ്പുകൾ സ്ഥാപിക്കുന്നതിനെതിരെയാണ് പ്രതിഷേധമുയരുന്നത്. റോഡിന്റെ ഗ്യാരണ്ടി കാലാവധി തീരുന്നതിന് മുമ്പുതന്നെ പൊളിക്കുന്നത് വീണ്ടും യാത്രാദുരിതത്തിന് കാരണമാകുമെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
കാരാപ്പുഴ റിസർവോയറിൽ നിന്നുള്ള വെള്ളമെടുത്ത് മേപ്പാടി, മൂപ്പൈനാട്, വൈത്തിരി പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചിട്ട് ഒന്നര പതിറ്റാണ്ടായി. പി.ജെ. ജോസഫ് ജലവിഭവ മന്ത്രിയായിരിക്കുമ്പോൾ നബാർഡിന്റെ 172 കോടി രൂപ ധനസഹായത്തോടെ നടപ്പാക്കാനുദ്ദേശിച്ച പദ്ധതിയാണിത്.
മേപ്പാടി, മൂപ്പൈനാട്, വൈത്തിരി പഞ്ചായത്തുകൾ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് എന്നിവയുടെ സാമ്പത്തിക വിഹിതങ്ങൾ കൂടി ഉപയോഗിച്ച് പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ, ജല സംഭരണി, ശുദ്ധീകരണ പ്ലാന്റ് എന്നിവ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കാൻ സാധിച്ചിരുന്നില്ല.
അതിനാൽ, പദ്ധതി പാതിവഴിയിലെത്തി നിൽക്കുകയായിരുന്നു. ഇതിനിടയിലാണ് ജല അതോറിറ്റിയുടെ കീഴിലുള്ള പദ്ധതികളെല്ലാം കേന്ദ്ര ജൽജീവൻ മിഷന് കീഴിലാക്കുന്നത്. മൂന്ന് പഞ്ചായത്തുകൾ എന്നതിന് പകരം നെന്മേനി, പൂതാടി, പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ 22,728 കുടുംബങ്ങൾക്ക് കൂടി കുടിവെള്ളമെത്തിക്കാൻ എന്ന നിലക്ക് പദ്ധതി വിപുലീകരിച്ചു.
അതിനായി 189 കോടി രൂപ ഫണ്ട് അനുവദിക്കുകയും അതിന് ഭരണാനുമതി ലഭിക്കുകയും ചെയ്തതായാണ് വിവരം. അതോടെ പദ്ധതിയുടെ ഘടനയിലാകെ മാറ്റംവന്നു. തുടർന്ന് മേപ്പാടി പഞ്ചായത്തിലെ നത്തംകുനിയിൽ കോടികൾ ചെലവഴിച്ച് ഒരു പമ്പ് ഹൗസ് നിർമിച്ചതൊഴിച്ചാൽ മറ്റു പുരോഗതിയൊന്നും ഉണ്ടായില്ല.
നത്തംകുനിയിൽത്തന്നെ 35 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി നിർമിച്ച് അവിടെ നിന്ന് വെള്ളം അമ്പലവയലിലെത്തിച്ച് ശുദ്ധീകരിച്ച് നെന്മേനി, പൂതാടി, പുൽപള്ളി പഞ്ചായത്തുകളിലേക്കെത്തിക്കുമെന്നാണ് പറയുന്നത്. എന്നാൽ, നത്തംകുനിയിൽ ടാങ്ക് നിർമിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചിട്ടുപോലുമില്ല.
അതിനിടയിലാണ് വലിയ പൈപ്പുകൾ റോഡ് നീളെ കൊണ്ടുവന്നിറക്കിയിട്ടുള്ളത്. പള്ളിക്കവല മുതൽ മലയച്ചംകൊല്ലി വരെയുള്ള റോഡിന്റെ ടാറിങ് നടന്നിട്ട് രണ്ടുവർഷം ആകുന്നതേയുള്ളൂ. അഞ്ചു വർഷമാണതിന്റെ ഗ്യാരണ്ടി കാലാവധി. മലയച്ചം കൊല്ലി മുതൽ മഞ്ഞപ്പാറ വരെ 6.5 കിലോമീറ്റർ റോഡ് ടാറിങ് നടന്നിട്ട് ഒരു മാസം പോലുമായിട്ടില്ല.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിലുൾപ്പെടുത്തിയാണ് റോഡ് ടാറിങ് നടത്തിയത്. അതിനും അഞ്ചുവർഷം ഗ്യാരണ്ടി കാലാവധിയുണ്ട്. ടാറിങ് നടക്കുന്നതിന് മുമ്പായി പൈപ്പുകൾ റോഡിൽ സ്ഥാപിക്കാൻ അവസരമുണ്ടായിരുന്നു.
അത് ചെയ്യാതെ ടാറിങ് കഴിഞ്ഞയുടനെ റോഡ് പൊളിച്ച് പൈപ്പിടാനാണ് വാട്ടർ അതോറിറ്റി അധികൃതർ നീക്കം നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുമ്പ് ജപ്പാൻ കുടിവെള്ള പദ്ധതി പൈപ്പുകൾ സ്ഥാപിച്ചതുപോലെ പൈപ്പ് കുഴിച്ചിടൽ മാത്രമായി ഇതും ഒതുങ്ങുമോയെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു.
അന്ന് കുഴിച്ചിട്ട പൈപ്പുകൾ മേപ്പാടി പഞ്ചായത്തിന്റെ പല ഭാഗത്തും ഇപ്പോഴും മണ്ണിനടിയിൽ ഉപയോഗമില്ലാതെ കിടക്കുന്നുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും, ടാറിങ് നടത്തി ഒരു മാസം പോലുമാകാത്ത റോഡ് പൊളിച്ച് പൈപ്പിടാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. പകരം റോഡിന്റെ ഒരു വശത്ത് റോഡിൽ നിന്നുയർത്തി പൈപ്പുകൾ സ്ഥാപിക്കുന്ന രീതി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.