അംഗൻവാടിയിൽ കുരുന്നുകൾ ഉരുകിയൊലിക്കുന്നു
text_fieldsമേപ്പാടി: ഉരുൾപൊട്ടലിൽ ഒലിച്ചുപോയ പുത്തുമല അംഗൻവാടി 2019 അവസാനത്തോടെ കുന്നമംഗലംവയലിൽ വനം വകുപ്പ് അനുവദിച്ച 10 സെന്‍റ് സ്ഥലത്ത് പുനഃസ്ഥാപിച്ചെങ്കിലും അധികൃതർ അവഗണന തുടരുകയാണെന്ന് നാട്ടുകാർ. കുട്ടികൾക്കും ജീവനക്കാർക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെയില്ല. വേനലായതോടെ ആസ്ബസ്റ്റോസ് ഷീറ്റിൽനിന്നുള്ള ചൂടിൽ വിയർത്തൊലിച്ചാണ് കുട്ടികളും ജീവനക്കാരും ഇതിനുള്ളിൽ കഴിയുന്നത്.
2019 ആഗസ്റ്റിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് പുത്തുമലയിൽ ജനവാസമില്ലാതായതോടെ ഇവിടത്തെ അംഗൻവാടി 2019ൽ തന്നെ മേപ്പാടി ഏഴാം വാർഡിലെ കുന്നമംഗലം വയലിലേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു. പ്രദേശവാസികൾ മുൻകൈയെടുത്ത് പഴയ ആസ്ബസ്റ്റോസ് ഷീറ്റുകൾ കൊണ്ട് നിർമിച്ച താൽക്കാലിക ഷെഡിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. ഇതിന് സമീപത്തുതന്നെ പുത്തുമലയിലെ ഏതാനും കുടുംബങ്ങളെ പുനരധിവസിപ്പിച്ചിട്ടുമുണ്ട്. അവരുടെ മക്കൾ, സമീപത്തെ ആദിവാസി കുടുംബങ്ങളിൽനിന്നും ജനറൽ വിഭാഗത്തിൽ നിന്നുമുള്ള കുട്ടികൾ എന്നിങ്ങനെ 44 കുരുന്നുകളാണ് അംഗൻവാടിയിലുള്ളത്. ഇതിൽ 12 പേർ ആദിവാസി വിഭാഗത്തിൽനിന്നുള്ള കുട്ടികളാണ്.
സ്ഥാപിച്ച് മൂന്നുവർഷമാകുമ്പോഴും സ്ഥിരമായൊരു കെട്ടിടം നിർമിക്കുന്നതിനുള്ള പദ്ധതികളൊന്നുമായില്ല. വൈദ്യുതിയില്ല, ആവശ്യത്തിന് മറ്റുപകരണങ്ങളില്ല. അധികൃതരാരും തിരിഞ്ഞുനോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അംഗൻവാടിയെ അവഗണിക്കുന്ന നിലപാടിൽ മാറ്റമുണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വാർഡ് മെംബറും എം.എൽ.എയും അംഗൻവാടിയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ രംഗത്തുവരണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.